'മതിലി'ൽ ഉടക്കി അമേരിക്കയും ; ഭരണസ്തംഭനത്തിലേക്ക് ?; ന്യൂക്ലിയർ ഓപ്ഷൻ വേണമെന്ന് ട്രംപ്

ഭരണസ്തംഭനം ഉണ്ടായാൽ അത് ആഭ്യന്തര സുരക്ഷാ, ഗതാഗതം, കാർഷികം, നീതിന്യായം എന്നീ വിഭാഗങ്ങളുടെ പ്രവർത്തനം നിലക്കാൻ ഇടയാക്കും
'മതിലി'ൽ ഉടക്കി അമേരിക്കയും ; ഭരണസ്തംഭനത്തിലേക്ക് ?; ന്യൂക്ലിയർ ഓപ്ഷൻ വേണമെന്ന് ട്രംപ്

വാഷിങ്ടൺ: കുടിയേറ്റം തടയുക ലക്ഷ്യമിട്ട് നിർമ്മിക്കുന്ന മെക്സിക്കൻ മതിൽ ബില്ലിന്‍റെ പേരിൽ അമേരിക്ക വീണ്ടും ഭരണസ്തംഭനത്തിലേക്ക് നീങ്ങുന്നു. മെക്സിക്കൻ മതിൽ ബിൽ പാസാക്കാൻ സെനറ്റ് വിസമ്മതിച്ചാൽ ഭരണസ്തംഭനം ഉണ്ടാവുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളുടെ യോഗത്തിന് ശേഷം പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. റിപ്പബ്ലിക്കൻ-ഡെമോക്രാറ്റ് അം​ഗങ്ങൾ തമ്മിലുള്ള പ്രതിഷേധത്തെ തുടർന്ന്  സെനറ്റും പ്രതിനിധിസഭയും പിരിഞ്ഞു. ബില്ലിന്മേൽ സെനറ്റിൽ ഇന്ന് രാത്രി വോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ട്. 

100 അംഗ സെനറ്റിൽ 51 അംഗങ്ങളാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ അംഗസംഖ്യ. ബിൽ പാസാകണമെങ്കിൽ 60 അംഗങ്ങളുടെ പിന്തുണ വേണം. ഡെമോക്രറ്റിക് പാർട്ടി ബില്ലിനെ പിന്തുണക്കില്ലെന്ന് നിലപാട് സ്വീകരിച്ചതോടെ ന്യൂക്ലിയർ ഓപ്ഷൻ വേണമെന്നാണ് ട്രംപിന്‍റെ ആവശ്യം. 60 അംഗങ്ങളുടെ പിന്തുണക്ക് പകരം 51 പേരുടെ പിന്തുണയിൽ ബിൽ പാസാക്കുന്നതാണ് ന്യൂക്ലിയർ ഓപ്ഷൻ. എന്നാൽ, ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻസും പ്രസിഡന്റിന്റെ ഈ നിർദേശത്തോട് യോജിക്കുന്നില്ല. 

അതേസമയം ഭരണ സ്തംഭനം ഒഴിവാക്കാൻ സമവായത്തിന് സർക്കാർ തീവ്രശ്രമം തുടരുകയാണ്. ഭരണസ്തംഭനം ഉണ്ടായാൽ അത് ആഭ്യന്തര സുരക്ഷാ, ഗതാഗതം, കാർഷികം, നീതിന്യായം എന്നീ വിഭാഗങ്ങളുടെ പ്രവർത്തനം നിലക്കാൻ ഇടയാക്കും. എട്ടു ലക്ഷത്തോളം തൊഴിലാളികൾക്ക് ഇതുവഴി ശമ്പളം നഷ്ടമാകും. പുതുവർഷം വരെ ഭരണസ്തംഭനം നീണ്ടു നിന്നേക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ നേരത്തെ ബിൽ പാസാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഡെമോക്രറ്റുകൾ ഭൂരിപക്ഷം നേടി‍യതാണ് ട്രംപിന് തിരിച്ചടിയായത്. ആയിരം കോടി ഡോളർ നിർമാണ ചെലവ് വരുന്ന മെക്സിക്കൻ അതിർത്തിയിലെ മതിൽ നിർമാണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്ത് പ്രചാരണം നടക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com