ഇത് അങ്ങേയറ്റം അപമാനകരം; വൈദികരുടെ ബാല പീഡനങ്ങളെക്കുറിച്ച് ആദ്യമായി പരസ്യ പ്രതികരണവുമായി മാര്‍പാപ്പ

കുട്ടികള്‍ക്കുനേരെയുണ്ടാകുന്ന ഇത്തരം അക്രമങ്ങളില്‍ താന്‍ അങ്ങേയറ്റം ദു:ഖിതനാണ്. സഭയ്ക്ക് അങ്ങേയറ്റം അപമാനകരമായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ വേണം
ഇത് അങ്ങേയറ്റം അപമാനകരം; വൈദികരുടെ ബാല പീഡനങ്ങളെക്കുറിച്ച് ആദ്യമായി പരസ്യ പ്രതികരണവുമായി മാര്‍പാപ്പ

സാന്റിയാഗോ: കുട്ടികള്‍ക്ക് നേരെ ക്രൈസ്തവ പുരോഹിതന്‍മാരില്‍ നിന്നുമുണ്ടാകുന്ന പീഡനങ്ങളെ ശക്തമായി അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ചിലെയില്‍ വെച്ചാണ് ഇക്കാര്യത്തില്‍ ആദ്യ പരസ്യ പ്രതികരണം നടത്തിയത്. കുട്ടികള്‍ക്കുനേരെയുണ്ടാകുന്ന ഇത്തരം അക്രമങ്ങളില്‍ താന്‍ അങ്ങേയറ്റം ദു:ഖിതനാണ്. സഭയ്ക്ക് അങ്ങേയറ്റം അപമാനകരമായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ വേണം. മാത്രമല്ല, ഇത്തരം സംഭവങ്ങളില്‍ ദു:ഖിതരോടൊപ്പം നില്‍ക്കണമെന്നും മാര്‍പാപ്പ പറയുന്നു.

ചിലെയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ രാവിലെ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് മാര്‍പാപ്പ പ്രശ്‌നത്തെക്കുറിച്ചു പരസ്യമായി പറഞ്ഞത്. പ്രസിഡന്റ് മിഷേല്‍ ബാഷെല്‍റ്റും വേദിയില്‍ ഉണ്ടായിരുന്നു. എന്നാല്‍, അടുത്തനാളുകളിലായി ഗര്‍ഭഛിദ്ര അവകാശങ്ങള്‍, സ്വവര്‍ഗ വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ ചിലെയില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കെ അവയെക്കുറിച്ചൊന്നും മാര്‍പ്പാപ്പ പ്രസ്താവന നടത്തിയില്ല. എന്നാല്‍ അഭയാര്‍ഥികള്‍ക്കുവേണ്ടി വാതില്‍ തുറന്നിടണമെന്ന് അദ്ദേഹം രാജ്യത്തോട് ആഹ്വാനം ചെയ്തു.

മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനിടയിലും ചിലെയില്‍ പള്ളികള്‍ക്ക് നേരെയുളള ആക്രമണങ്ങള്‍ തുടരുകയാണ്. വെള്ളിമുതല്‍ ഇന്നലെ വരെ ആക്രമണത്തിനിരയായ പള്ളികളുടെ എണ്ണം ഒന്‍പതായി. 

മാര്‍പാപ്പയുടെ മാപ്പ് പറയലല്ല തങ്ങള്‍ക്ക് വേണ്ടതെന്നും നടപടികളാണ് പ്രതീക്ഷിക്കുന്നത് എന്നുമാണ്  പീഡനത്തിന് ഇരയയാവരുടെ ആവശ്യം. കുട്ടികളോട് ലൈംഗിക അതിക്രമങ്ങള്‍ കാട്ടുന്നവരെ സംരക്ഷിക്കുന്ന നയമാണ് ഇവിടുത്തെ ബിഷപ്പുമാര്‍ പുലര്‍ത്തുന്നത്. സംഭവം മൂടിവയ്ക്കാനും അവര്‍ ശ്രമിക്കുന്നു. അവരിപ്പോള്‍ ആ പദവിയില്‍ ഇരിക്കുന്നു. മാര്‍പ്പാപ്പ അവരെ പുറത്താക്കണം, പതിനേഴാം വയസ്സില്‍ സെമിനാരിയില്‍ പഠിച്ചുകൊണ്ടിരിക്കെ വൈദികന്റെ പീഡനത്തിന് ഇരയായ ജുവാന്‍ കാര്‍ലോസ് ക്രൂസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com