മഞ്ഞു മലയില്‍ തണുത്തുറഞ്ഞ് സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം 

സിറിയയില്‍ നിന്നു ലെബനനിലേക്ക് പ്രവേശിക്കാനുള്ള അനധികൃത മലമ്പാതയിലെ മഞ്ഞുകാറ്റില്‍പ്പെട്ട് 10 അഭയാര്‍ഥികള്‍ക്ക് ദാരുണാന്ത്യം.
മഞ്ഞു മലയില്‍ തണുത്തുറഞ്ഞ് സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം 

ബെയ്‌റുട്ട്: സിറിയയില്‍ നിന്നു ലെബനനിലേക്ക് പ്രവേശിക്കാനുള്ള അനധികൃത മലമ്പാതയിലെ മഞ്ഞുകാറ്റില്‍പ്പെട്ട് 10 അഭയാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കൂടുതല്‍ പേര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നെന്ന സംശയത്തില്‍ പരിശോധന തുടരുകയാണ്. ലൈബനീസ് ആര്‍മിയും സിവില്‍ ഡിഫന്‍സ് വിഭാഗവും സംയുക്തമായാണു തിരച്ചില്‍. 

തുടര്‍ച്ചയായി രാത്രി മുഴുവന്‍ വീശിയ മഞ്ഞുകാറ്റില്‍പ്പെട്ടാണ് ഒന്‍പതു പേരുടെ മരണം. മഞ്ഞില്‍ പുതഞ്ഞ നിലയില്‍ ഒന്‍പതു മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ മാസ്‌നാ ബോര്‍ഡര്‍ ക്രോസിങ്ങിനു സമീപമായിരുന്നു സംഭവം. 

അനങ്ങാന്‍ പോലുമാകാതെ തണുത്തുവിറച്ചു നിന്ന ആറു പേരെ സേന രക്ഷിച്ച് സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇവരില്‍ ഗുരുതരാവസ്ഥയിലായിരുന്ന ഒരാള്‍ മരിച്ചു. അനധികൃതമായി അഭയാര്‍ഥികളുമായെത്തിയതിന് രണ്ടു പേരെ അറസ്റ്റ് ചെയ്തു. 

സിറിയ-ലെബനന്‍ അതിര്‍ത്തിയിലെ പാതയിലൂടെ അഭയാര്‍ഥികളെ കടത്തുന്നതു പതിവാണ്. ലെബനനിലേക്കു കടക്കാനും തിരികെ സിറിയയിലേക്കു പോകാനും ഈ പാതയാണ് ഉപയോഗിക്കുന്നത്. അപകടം പതിയിരിക്കുന്ന ഇതുവഴി തന്നെയാണ് ചരക്കുകളും അനധികൃതമായി കടത്തുന്നത്. 

ലെബനനില്‍ കഴിഞ്ഞ ദിവസം കനത്ത മഞ്ഞായിരുന്നു. രാജ്യത്തിലെ മിക്ക മലനിരകളും മഞ്ഞുമൂടിയ നിലയിലും. സിറിയയില്‍ നിന്ന് ലെബനനിലേക്കു പ്രവേശിക്കുന്നതിന് അധികൃതര്‍ക്കു മുന്നില്‍ കൃത്യമായ കാരണം ബോധിപ്പിക്കണം. ലെബനനില്‍ എന്തെങ്കിലും സ്വത്തുവകകളുടെ ഉടമസ്ഥാവകാശമുണ്ടെങ്കില്‍  സിറിയക്കാര്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. എംബസിയിലേക്കു പോകുന്നതിനും ഇത്തരത്തില്‍ അപേക്ഷ നല്‍കണം. 

എന്നാല്‍ യുദ്ധം തകര്‍ത്ത സിറിയയില്‍ നിന്ന് ഒട്ടേറെ പേര്‍ ലെബനനിലേക്ക് പ്രാണരക്ഷാര്‍ഥം അനധികൃതമായി കടക്കുന്നുണ്ട്. ഇവരില്‍ പലരും അറസ്റ്റ് ചെയ്യപ്പെടുകയാണു പതിവ്. സിറിയയില്‍ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് 15 ലക്ഷം അഭയാര്‍ഥികളെ ലെബനന്‍ സ്വീകരിച്ചിരുന്നു. പിന്നീട് അഭായാര്‍ത്ഥി നയങ്ങള്‍ ലെബനന്‍ ശക്തിപ്പെടുത്തുകയായിരുന്നു. ആഭ്യന്തര കലാപം ഒരു അറുതിയുമില്ലാതെ തുടരുന്ന സിറിയയില്‍ നിന്ന് ലക്ഷങ്ങളാണ് മറ്റ് നാടുകളിലേക്ക് പലായനം ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com