സാമ്പത്തിക അടിയന്തരാവസ്ഥ; അമേരിക്കയില്‍ 'ഷട്ട് ഡൗണ്‍'

ഒരുമാസത്തെ ചിലവിനുള്ള പണം ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റ് അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്
സാമ്പത്തിക അടിയന്തരാവസ്ഥ; അമേരിക്കയില്‍ 'ഷട്ട് ഡൗണ്‍'

വാഷിങ്ടണ്‍: അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള ധനബില്‍ പാസാക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക്. ഒരുമാസത്തെ ചിലവിനുള്ള പണം ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റ് അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. അഞ്ചുവര്‍ഷത്തിനിടെ രണ്ടാംതവണയാണ് അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുന്നത്. 

രണ്ടാഴ്ചയ്ക്കിടെ പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് ജോലി നഷ്ടമായത്. ഒബാമ സര്‍ക്കാരിന്റെ കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ എട്ടരലക്ഷത്തിന് പുറത്ത് ആളുകള്‍ക്ക് ജോലി നഷ്ടമായിരുന്നു. 

ബില്ല് സംബന്ധിച്ച ചര്‍ച്ച ഡെമോക്രാറ്റുകള്‍ വോട്ടിനിട്ട് പരാജയപ്പെടുത്തുകയായിരുന്നു. ബില്‍ പാസാക്കാന്‍ അറുപതു വോട്ടുകളാണ് റിപ്പബ്ലിക്കുകള്‍ക്കു വേണ്ടിയിരുന്നത്. എന്നാല്‍ 50 വോട്ടുകള്‍ മാത്രമാണ് അവര്‍ക്കു ലഭിച്ചത്. അതേസമയം അഞ്ചു ഡെമോക്രാറ്റ് സെനറ്റര്‍മാര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ നാലു റിപ്പബ്ലിക്കുകള്‍ എതിര്‍ത്തു വോട്ടു ചെയ്തു. ബില്ല് പാസാക്കാന്‍ കഴിയാതെ വന്നതോടെ അമേരിക്ക 'ഷട്ട് ഡൗണ്‍' പ്രഖ്യാപിച്ചു. 

സര്‍ക്കാരിന്റെയും ഏജന്‍സികളുടെയും പ്രവര്‍ത്തനത്തിനാവശ്യമായ ധനബില്‍ സെനറ്റില്‍ പാസാകാതിരിക്കുമ്പോഴാണ് 'ഷട്ട് ഡൗണ്‍' വേണ്ടിവരുന്നത്. ആഭ്യന്തരസുരക്ഷ, എഫ്ബിഐ തുടങ്ങിയ അടിയന്തര സര്‍വീസുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണമാണ് പാസാക്കാന്‍ സാധിക്കാതിരുന്നത്. 'ഷട്ട് ഡൗണി'ന്റെ സമയത്ത് 40 ശതമാനത്തോളം പേര്‍ക്കുള്ള ശമ്പളവിതരണം തടസ്സപ്പെടുകയും ജോലി നഷ്ടപ്പെടുകയും ചെയ്യും. അതേസമയം, സൈനിക മേഖലകളില്‍ ജോലി ചെയ്യുന്നവരെ പ്രശ്‌നങ്ങള്‍ ബാധിക്കില്ല.

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റ് ഒരു വര്‍ഷം തികയാന്‍ പോകുന്നതിനിടയിലാണ് സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. ജനകീയ നയങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്ന ട്രംപിനെതിരെ ജനരോക്ഷം ശക്തമാണ്. രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥയിലായതോടുകൂടി ട്രംപിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ശക്തി വര്‍ധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com