കുട്ടികളെ വീട്ടില്‍ തനിച്ചാക്കിയാല്‍ ശിക്ഷ; ഷെറിന്റെ പേരില്‍ പുതിയ നിയമം വരുന്നു

ടെക്‌സാസിലെ സാമൂഹ്യപ്രവര്‍ത്തകരും നിയമവിദഗ്ധരും ഈ നിയമം നിലവില്‍ വരാന്‍ വേണ്ടിയുള്ള ശ്രമങ്ങളിലാണ്.
കുട്ടികളെ വീട്ടില്‍ തനിച്ചാക്കിയാല്‍ ശിക്ഷ; ഷെറിന്റെ പേരില്‍ പുതിയ നിയമം വരുന്നു

ഹൂസ്റ്റണ്‍: മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസ് ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ടെക്‌സാസില്‍ പുതിയ നിയമം വരുന്നു. കൊച്ചു കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പോവുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമമാണ് പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. ടെക്‌സാസിലെ സാമൂഹ്യപ്രവര്‍ത്തകരും നിയമവിദഗ്ധരും ഈ നിയമം നിലവില്‍ വരാന്‍ വേണ്ടിയുള്ള ശ്രമങ്ങളിലാണ്.

വിലക്ക് ഏര്‍പ്പെടുത്തേണ്ട കാര്യത്തില്‍ കുട്ടികളുടെ പ്രായം കൂടി പരിഗണിക്കേണ്ടതുണ്ട്. എത്ര വയസ്സുവരെയുള്ള കുട്ടികളെയാണ് ഇങ്ങനെ ഒറ്റയ്ക്കാക്കി പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തേണ്ടതെന്ന് ചര്‍ച്ചകള്‍ നടന്നുവരികയാണ്. കുട്ടികളുടെ അവകാശ സംരക്ഷണ പ്രവര്‍ത്തകരും അഭിഭാഷകരുമായ റീന ബാണ, ഷീന പൊട്ടിറ്റ് അറ്റോര്‍ണി ബിലാല്‍ ഖലീക് എന്നിവരാണ് നിയമം കൊണ്ടുവരാനുള്ള പരിശ്രമത്തിന് പിന്നില്‍. 

കുട്ടിക്ക് തനിച്ചിരിക്കാനുള്ള പക്വത വന്നെന്ന് മാതാപിതാക്കള്‍ക്ക് തോന്നിയാല്‍ തനിച്ചാക്കി പോവാമെന്നാണ് നിലവിലെ അവസ്ഥ. കുട്ടികളെ കാണാതായാല്‍ നിശ്ചിതസമയത്തിനകം പോലീസില്‍ അറിയിക്കണമെന്ന വ്യവസ്ഥയും നിയമത്തിലുണ്ടാവും. ഷെറിന്‍ ലോ എന്ന പേരിലാവും നിയമം വരികയെന്നും റിപ്പോര്‍ട്ടിലുണ്ട്. അമേരിക്കയിലെ മറ്റിടങ്ങളില്‍ സമാനമായ നിയമമുണ്ടെങ്കിലും ടെക്‌സാസില്‍ ഇങ്ങനെയൊന്ന് ഇതുവരെ പ്രാബല്യത്തിലായിട്ടില്ല. 

കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് ടെക്‌സാസിലെ വീട്ടില്‍ നിന്നും ഷെറിന്‍ മാത്യൂസിനെ കാണാതാകുന്നത്. പാല്‍ കുടിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കുട്ടിയെ അര്‍ദ്ധരാത്രില്‍ വീടിനു പുറത്ത് നിര്‍ത്തിയെന്നും പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം നോക്കുമ്പോള്‍ കുട്ടിയെ കാണാതായെന്നുമായിരുന്നുവെന്നാണ് വളര്‍ത്തച്ഛന്‍ വെസ്‌ലി പൊലീസിന് നല്‍കിയ ആദ്യ മൊഴി. 

രണ്ട് ആഴ്ച്ചകള്‍ക്ക് ശേഷം മൃതദേഹം വീടിന് സമീപത്തുള്ള കലുങ്കിന്റെ അടിയില്‍ നിന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പാല്‍ ശ്വാസകോശത്തില്‍ കയറി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നും പരിഭ്രാന്തി മൂലം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും മൊഴി മാറ്റി. അന്നു വെസ്‌ലിയെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. കുട്ടിയെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ പുറത്തുപോയിരുന്നതായും കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com