ഡെമോക്രാറ്റുകള്‍ക്ക് വഴങ്ങി ട്രംപ് ഭരണകൂടം; അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം

കുടിയേറ്റ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സമ്മതിച്ചതോടെയാണ് ധനവിനിയോഗ ബില്‍ പാസാക്കാനുള്ള സാഹചര്യം ഒരുങ്ങിയത്
ഡെമോക്രാറ്റുകള്‍ക്ക് വഴങ്ങി ട്രംപ് ഭരണകൂടം; അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം

വാഷ്ടിങ്ടണ്‍: ഫെബ്രുവരി 16 വരെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് നീട്ടി നല്‍കുവാനുള്ള ബില്‍ സെനറ്റില്‍ പാസായതോടെ അമേരിക്കയെ മൂന്ന് ദിവസം സ്തംഭിപ്പിച്ച സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം. 81 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. 18 പേര്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി. 

സെനറ്റ് പാസാക്കിയ ബില്‍ ഇനി പ്രതിനിധി സഭയുടെ അംഗീകാരത്തിനായി വിടും. കുടിയേറ്റ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സമ്മതിച്ചതോടെയാണ് ധനവിനിയോഗ ബില്‍ പാസാക്കാനുള്ള സാഹചര്യം ഒരുങ്ങിയത്. കുടിയേറ്റ വിഷയത്തിലെ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യില്ലെന്നായിരുന്നു ഡെമോക്രാറ്റുകളുടെ നിലപാട്. 

കുട്ടികളായിരിക്കുന്ന സമയത്ത് അമേരിക്കയിലേക്ക് കുടിയേറിയ ഏഴ് ലക്ഷത്തിലേറെ പേര്‍ക്ക് നല്‍കിയിരുന്ന താത്കാലിക നിയമ സാധുത ട്രംപ് ഭരണകൂടം പിന്‍വലിച്ചതായിരുന്നു ഡെമോക്രാറ്റുകളുടെ എതിര്‍പ്പിനിടയാക്കിയത്.

സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ടായിരുന്നു എങ്കിലും ധനവിനിയോഗ ബില്‍ പാസാക്കാനുള്ള 60 വോട്ടുകള്‍ നേടാന്‍ അവര്‍ക്കായിരുന്നില്ല. ഇതോടെ സര്‍ക്കാര്‍ ചെലവിനുള്ള ഫണ്ട് നീട്ടി നല്‍കാനുള്ള ബില്‍ വെള്ളിയാഴ്ച രാത്രി സെനറ്റില്‍ പരാജയപ്പെടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com