മനുഷ്യനെ പ്രേതങ്ങളാക്കുന്ന രാസായുധ ആക്രമണത്തില്‍ നടുങ്ങി ബ്രിട്ടണ്‍;റഷ്യയെ പ്രതിക്കൂട്ടിലാക്കി ആഭ്യന്തര സെക്രട്ടറി  

അമെസ്ബ്രിയില്‍ ചാര്‍ലി റോവ്‌ലിഡോണ്‍ സ്റ്റര്‍ജെസ് ദമ്പതികള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.
മനുഷ്യനെ പ്രേതങ്ങളാക്കുന്ന രാസായുധ ആക്രമണത്തില്‍ നടുങ്ങി ബ്രിട്ടണ്‍;റഷ്യയെ പ്രതിക്കൂട്ടിലാക്കി ആഭ്യന്തര സെക്രട്ടറി  

ലണ്ടന്‍: ബ്രിട്ടനെ നടുക്കി വീണ്ടും രാസായുധ ആക്രമണം. അമെസ്ബ്രിയില്‍ ചാര്‍ലി റോവ്‌ലിഡോണ്‍ സ്റ്റര്‍ജെസ് ദമ്പതികള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. കൂറുമാറിയ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രീപലിനും മകള്‍ യൂലിയയ്ക്കും നേരെ ഉപയോഗിച്ച നെര്‍വ് ഏജന്റായ 'നൊവിചോക്ക്' തന്നെയാണ് പ്രയോഗിച്ചിട്ടുള്ളതെന്നു പൊലീസ് സ്ഥിരീകരിച്ചു. സെര്‍ജി സ്‌ക്രീപലും മകള്‍ യൂലിയയും രാസായുധാക്രമണത്തിനിരയായ സോള്‍സ്ബ്രിയില്‍ നിന്ന് 16 കിലോമീറ്റര്‍ മാത്രം അകലെ അമെസ്ബ്രിയിലാണ് സംഭവം. 

സംഭവത്തില്‍ ബ്രീട്ടിഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് റഷ്യയോട് വിശദീകരണം ചോദിച്ചു. ബീട്ടിഷ് പൗരന്മാര്‍ക്ക് നേരെയുളള ആക്രമണം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.


ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തതാണ് 'നൊവിചോക്ക്' രാസായുധം. എന്നാല്‍ ഇതെങ്ങനെയാണ് അമെസ്ബ്രി ദമ്പതികളുടെ ശരീരത്തിലെത്തിയതെന്നു വ്യക്തമായിട്ടില്ല. ശനിയാഴ്ചയാണ് മഗിള്‍ട്ടന്‍ റോഡിലെ വീട്ടില്‍ ചാര്‍ലിയെയും ഡോണിനെയും ബോധരഹിതരായ നിലയില്‍ കണ്ടെത്തിയത്. കാലപ്പഴക്കം ചെന്ന കൊക്കെയ്‌നോ ഹെറോയ്‌നോ ഉപയോഗിച്ചതാകാം പ്രശ്‌നത്തിനു കാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. ആശുപത്രിയില്‍ കഴിയുന്ന ദമ്പതികള്‍ക്ക് ഇതുവരെ ബോധം വീണ്ടുകിട്ടിയിട്ടില്ല. 


അമെസ്ബ്രിയിലെ അഞ്ചിടത്തു ജനത്തിന് ബ്രിട്ടിഷ് പൊലീസിന്റെ പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി.  വഴിയില്‍ കിടക്കുന്നതോ, ഉപേക്ഷിക്കപ്പെട്ട നിലയിലോ എന്തു വസ്തു കണ്ടാലും തൊടരുതെന്ന് പ്രദേശവാസികള്‍ക്കു പൊലീസ് നിര്‍ദേശം നല്‍കി.ഇക്കഴിഞ്ഞ മാര്‍ച്ചിലാണു സ്‌ക്രീപലിനും മകള്‍ക്കും നേരെ നൊവിചോക്ക് ആക്രമണമുണ്ടാകുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യമായിട്ടായിരുന്നു യൂറോപ്പിനു നേരെ മാരകമായ വിധത്തില്‍ നൊവിചോക്ക് ആക്രമണമുണ്ടാകുന്നത്. വീടിന്റെ വാതില്‍പ്പടിയില്‍ ദ്രാവകരൂപത്തില്‍ പ്രയോഗിച്ച നെര്‍വ് ഏജന്റായിരുന്ന് ഇരുവര്‍ക്കും വിനയായത്. സ്‌ക്രീപല്‍ ഇപ്പോഴും അപകടാവസ്ഥ തരണം ചെയ്തിട്ടില്ല.
 
മസ്തിഷ്‌കത്തിലെ നാഡീവ്യൂഹത്തെ തകര്‍ക്കുന്നതാണ് ഈ നെര്‍വ് ഏജന്റ്. ശരീരത്തിലെ പേശികളുടെയും അവയവങ്ങളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കുന്ന എന്‍സൈമുകളെ തടയുന്നതോടെ അവ സങ്കോചിക്കുകയും മനുഷ്യന്‍ വിചിത്ര സ്വഭാവമുള്ളവരെപ്പോലെ പെരുമാറുകയും ചെയ്യും. മനുഷ്യനെ സോംബി(പ്രേതം)കളെപ്പോലെയാക്കുന്നവയെന്നാണ് ഇത്തരം നെര്‍വ് ഏജന്റുകള്‍ക്കുള്ള വിശേഷണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com