ഇന്ത്യയുടെ ആവശ്യം തള്ളി ; സാക്കിർ നായിക്കിനെ തിരിച്ചയക്കില്ലെന്ന് മലേഷ്യ
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th July 2018 03:12 PM |
Last Updated: 06th July 2018 03:14 PM | A+A A- |
കൊലാലംപൂർ: വിവാദ ഇസ്ലാം മത പ്രഭാഷകൻ സാക്കിർ നായികിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ആവശ്യം മലേഷ്യൻ സർക്കാർ തള്ളി. സാക്കിർ നായിക്കിനെ രാജ്യത്ത് നിന്നും പുറത്താക്കില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് വ്യക്തമാക്കി. സാക്കിർ നായിക് രാജ്യത്ത് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല. മാത്രമല്ല, രാജ്യത്ത് സ്ഥിര താമസമാക്കിയതിനാൽ അദ്ദേഹത്തെ തിരിച്ചയക്കാനാവില്ലെന്നും മഹാതിർ പറഞ്ഞു.
വിവാദ മതപ്രഭാഷകനായ സാക്കിർ നായിക്കിനെ രാജ്യത്തേക്ക് തിരിച്ചയക്കണമെന്ന് ഇന്ത്യ ജനുവരിയിൽ മലേഷ്യയോട് ആവശ്യപ്പെട്ടിരുന്നു. നായിക്കിനെ തിരിച്ചയക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞദിവസവും ആവർത്തിച്ചു. ഇതേത്തുടർന്ന് അദ്ദേഹത്തെ മലേഷ്യ തിരിച്ചയച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം തനിക്ക് നീതി ലഭിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഇന്ത്യയിലേക്ക് മടങ്ങി വരികയുള്ളൂ എന്നാണ് സാക്കിർ നായിക്ക് വ്യക്തമാക്കിയത്. രാജ്യത്തെ യുവാക്കളെ തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നു, മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ വിവാദ പ്രസംഗങ്ങൾ നടത്തുന്നു എന്നീ കുറ്റങ്ങളാണ് സാക്കിർ നായിക്കിനെതിരെ ചുമത്തിയത്. ഇന്ത്യയും മലേഷ്യയും തമ്മിൽ കുറ്റവാളികളെ കൈമാറാനുള്ള കരാർ നിലവിലുണ്ട്.