ഗുഹയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള മൂന്നാംഘട്ട ദൗത്യത്തിന് തുടക്കം ; എല്ലാവരെയും ഇന്ന് പുറത്തെത്തിക്കാനാകുമെന്ന പ്രതീക്ഷയില്‍ ദൗത്യസംഘം

ഗുഹയില്‍ അവശേഷിക്കുന്ന നാലു കുട്ടികളെയും അവരുടെ പരിശീലകനെയും പുറത്തെത്തിക്കാനുള്ള ശ്രമമാണ് ആരംഭിച്ചത്
ഗുഹയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള മൂന്നാംഘട്ട ദൗത്യത്തിന് തുടക്കം ; എല്ലാവരെയും ഇന്ന് പുറത്തെത്തിക്കാനാകുമെന്ന പ്രതീക്ഷയില്‍ ദൗത്യസംഘം

ബാങ്കോക്ക് : തായ്‌ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ ശേഷിക്കുന്നവരെ പുറത്തെത്തിക്കാനുള്ള മൂന്നാംഘട്ട ദൗത്യത്തിന് തുടക്കമായി. പ്രാദേശിക സമയം 10 മണിയോടെയാണ് ദൗത്യം ആരംഭിച്ചത്. ഗുഹയില്‍ അവശേഷിക്കുന്ന നാലു കുട്ടികളെയും അവരുടെ പരിശീലകനെയും പുറത്തെത്തിക്കാനുള്ള ശ്രമമാണ് ആരംഭിച്ചത്. ഇന്നലെ രാത്രി കനത്ത മഴ പെയ്തിരുന്നെങ്കിലും, ഗുഹയ്ക്കുള്ളിലെ പരിതസ്ഥിതിയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ലെന്ന നിഗമനത്തിലാണ് ദൗത്യസംഘം. 

ശേഷിക്കുന്നവരെ പുറത്തെത്തിക്കാനുള്ള ദൗത്യത്തിനായി 19 അംഗ ഡൈവര്‍മാരുടെ സംഘമാണ് ഗുഹയിലേക്ക് പോയിട്ടുള്ളത്. ശേഷിക്കുന്നവരെയെല്ലാം ഇന്ന് പുറത്തെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന ദൗത്യസംഘ തലവന്‍ നരോംഗ്‌സാക് ഒസാട്ടനകോണ്‍ പറഞ്ഞു. 

അതേസമയം ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് തായ്‌ലന്‍ഡ് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ജെസാദ ചോകെദാംറോങ്‌സുക്ക് അറിയിച്ചു. കുട്ടികളുടെ മാനസികനിലയും തൃപ്തികരമാണ്. ഇവര്‍ക്ക് രക്തപരിശോധന നടത്തിയിരുന്നു. ഇതില്‍ ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രണ്ടു കുട്ടികളെ കൂടുതല്‍ നിരീക്ഷണത്തിന് വിധേയനാക്കിയിട്ടുണ്ട്.  എട്ടുപേരുടെയും എക്‌സറേ പരിശോധിച്ചിട്ടുണ്ട്. കുട്ടികള്‍ ഒരാഴ്ച ആശുപത്രിയില്‍ തുടരുമെന്നാണ് സൂചന.

ഞായറാഴ്ചയാണ് ആദ്യഘട്ട അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് നാലു കുട്ടികളെ പുറത്തെത്തിക്കാനായി. തുടര്‍ന്ന് തിങ്കളാഴ്ചയും നാലു കുട്ടികളെ പുറത്തെത്തിച്ചു. ജൂണ്‍ 23നാണ് 16 വയസില്‍ താഴെയുള്ളവരുടെ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com