തനിക്കൊപ്പം നില്‍ക്കാന്‍ അനുയായികളോട് നവാസ് ഷെരീഫ്; അബുദാബിയില്‍ നിന്ന് മകള്‍ക്കൊപ്പം യാത്ര പുനരാരംഭിച്ചു

വിമാന യാത്രയ്ക്കിടെ മകള്‍ മറിയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നവാസിന്റെ ആഹ്വാനം
തനിക്കൊപ്പം നില്‍ക്കാന്‍ അനുയായികളോട് നവാസ് ഷെരീഫ്; അബുദാബിയില്‍ നിന്ന് മകള്‍ക്കൊപ്പം യാത്ര പുനരാരംഭിച്ചു

ലാഹോര്‍: തനിക്കൊപ്പം ഉറച്ചുനില്‍ക്കാന്‍ അനുയായികളോട് ആഹ്വാനം ചെയ്ത് മുന്‍ പാക്കിസ്ഥാന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫ്. ലണ്ടനില്‍ നിന്ന് ലാഹോറിലേക്കുള്ള വിമാന യാത്രയ്ക്കിടെ മകള്‍ മറിയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നവാസിന്റെ ആഹ്വാനം. രാജ്യത്തിന്റെ പരിതാപകരമായ അവസ്ഥയില്‍ മാറ്റമുണ്ടാകണം. രാജ്യം നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. പത്ത് വര്‍ഷത്തെ ജയില്‍ വാസമാണ് തന്നെ കാത്തിരിക്കുന്നതെന്ന് ഉത്തമ ബോധ്യമുണ്ടെന്നും എന്നാല്‍ ജനങ്ങള്‍ക്കൊപ്പമാണ് താന്‍ നിലകൊള്ളുന്നതെന്ന് പാക് ജനത മനസിലാക്കണമെന്നും അതിനായാണ് ഇങ്ങനെയൊരു വീഡിയോ ഇടുന്നതെന്നും ഷെരീഫ് വ്യക്തമാക്കി. 

നേരത്തെ നവാസ് ഷെരീഫും മകളും ലണ്ടനില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് പുറപ്പെട്ടിരുന്നു. ലാഹോറില്‍ വിമാനമിറങ്ങിയാല്‍ ഇരുവരേയും അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതിനിടെ ഫ്‌ളൈറ്റിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഇരുവരും അബുദാബിയില്‍ ഇറങ്ങിയിരുന്നു. നാല് മണിക്കൂറിന് ശേഷം ഷെരീഫും മകളും പാക്കിസ്ഥാനിലേക്കുള്ള യാത്ര പുനരാരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com