ജൂതരാഷ്ട്ര പ്രഖ്യാപന ബില്‍ ഇസ്രയേല്‍ പാര്‍ലമെന്റ് പാസാക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th July 2018 09:53 AM |
Last Updated: 20th July 2018 09:53 AM | A+A A- |

ജറുസലേം: ഇസ്രയേലിനെ ജൂതന്‍മാരുടെ മാതൃരാജ്യമായി അംഗീകരിക്കാനുള്ള ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി. എട്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ 55 നെതിരെ 62 വോട്ടുകള്‍ക്കാണ് ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. അറബ് ന്യൂനപക്ഷങ്ങളുടെ എതിര്‍പ്പ് പരിഗണിക്കാതെയാണ് ബില്ല് പാസാക്കിയത്. ജൂതന്‍മാര്‍ക്ക് സ്വയം നിര്‍ണയാവകാശം നല്‍കുന്ന ബില്ല് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായാണ് കണക്കാക്കിയിരിക്കുന്നത്.
ചരിത്ര നിമിഷമാണിത് എന്നാണ് ബില്ല് പാസാക്കിയതിന് ശേഷം പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ഇത് ഞങ്ങളുടെ രാജ്യമാണ്, ജൂതന്‍മാരുടേത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇസ്രയേലിനെയും അതിന്റെ നിലനില്‍പ്പിനെയും ചിലര്‍ ചോദ്യം ചെയ്തിരുന്നു. നിലനില്‍പ്പിനെ നമ്മള്‍ തന്നെ നിര്‍ണയിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ നേടിയത്. ജൂതന്‍മാരുടെ ആത്മീയ നേതാവായിരുന്ന തിയോദോര്‍ ഹെര്‍സലിന്റെ സ്വപ്‌നമാണ് സഫലമായതെന്നും നെതന്യാഹു പറഞ്ഞു.
അറബ് എംപിമാരുടെ പ്രതിഷേധങ്ങള്‍ വകവയ്ക്കാതെയായിരുന്നു ബില്ല് വോട്ടിനിട്ടത്. കരിങ്കൊടി വീശിയും ബില്ല് കീറിയെറിഞ്ഞുമാണ് അറബ് എംപിമാര്‍ പ്രതിഷേധിച്ചത്. ഇസ്രയേല്‍ ജനസംഖ്യയുടെ 20 ശതമാനമാണ് അറബ് വംശജര്‍.
2011 ലാണ് ജൂതന്‍മാരുടെ മാതൃരാജ്യമെന്ന ബില്ല് ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടത്.പിന്നീട് അതില്‍ ഭേദഗതികള്‍ വരുത്തിയിരുന്നു.പതിനൊന്ന് വ്യവസ്ഥകളാണ് പുതിയ ബില്ലില്‍ ഉള്ളത്.