ലൈംഗികബന്ധത്തിലൂടെ എച്ച്‌ഐവി പടര്‍ത്താന്‍ ശ്രമിച്ചു; കാമുകനെ കൊലപ്പെടുത്തിയ കെനിയന്‍ സൗന്ദര്യറാണിയ്ക്ക് വധശിക്ഷ

കാമുകന്റെ കൊലപാതകത്തിന് സൗന്ദര്യറാണിക്ക് കെനിയന്‍ കോടതി വധശിക്ഷ വിധിച്ചു
ലൈംഗികബന്ധത്തിലൂടെ എച്ച്‌ഐവി പടര്‍ത്താന്‍ ശ്രമിച്ചു; കാമുകനെ കൊലപ്പെടുത്തിയ കെനിയന്‍ സൗന്ദര്യറാണിയ്ക്ക് വധശിക്ഷ

നെയ്‌റോബി:  കാമുകന്റെ കൊലപാതകത്തിന് സൗന്ദര്യറാണിക്ക് കെനിയന്‍ കോടതി വധശിക്ഷ വിധിച്ചു. കാമുകന്‍ ഫരീദ് മുഹമ്മദിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ ഇരുപത്തിനാലുകാരിയായ റൂത്ത് കമാന്‍ഡേയ്ക്കാണ് വധശിക്ഷ ലഭിച്ചത്. ഇരുപഞ്ചോളം കുത്തേറ്റാണ് ഫരീദ് മരിച്ചത്. തികച്ചും നിഷ്ഠൂരമായ പ്രവൃത്തി എന്നാണ് കോടതി കുറ്റകൃത്യത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ ഫരീദ് എച്ച്‌ഐവി പോസിറ്റീവ് ആയിരുന്നെന്നും തന്നെ ബലാല്‍സംഗം ചെയ്യാനുള്ള ശ്രമം ചെറുക്കുന്നതിനിടെ സ്വയരക്ഷയ്ക്ക് വേണ്ടിയാണ് കൊല ചെയ്തതെന്നും റൂത്ത് വാദിച്ചിരുന്നു. പക്ഷെ കോടതി അത് തള്ളുകയാണുണ്ടായത്. 

2015 ല്‍ ഫരീദിന്റെ കൊലപാതകത്തിന് അറസ്റ്റിലായി വിചാരണത്തടവുകാരിയായിരുന്ന റൂത്ത് 2016 ലാണ് ജയില്‍പുള്ളികള്‍ക്കായുള്ള സൗന്ദര്യമത്സരത്തില്‍ ജേതാവായത്. രോഷം കൊണ്ടോ വിഷമം കൊണ്ടോ ഒരാളെ കൊലപ്പെടുത്തുന്നത് നിസാരമായ കാര്യമല്ലെന്ന് ചെറുപ്പക്കാരെ ബോധ്യപ്പെടുത്താനാണ് ഏറ്റവും ഉയര്‍ന്ന ശിക്ഷ തന്നെ പ്രതിക്ക് നല്‍കുന്നതെന്ന് വ്യാഴാഴ്ച വിധി പ്രസ്താവിച്ച് ഹൈക്കോടതി ജഡ്ജി ജെസ്സി ലെസിറ്റ് പറഞ്ഞു.പ്രതി കുറ്റകൃത്യത്തില്‍ യാതൊരു തരത്തിലുള്ള പശ്ചാത്താപവും പ്രകടിപ്പിച്ചില്ല എന്നും വളരെ തന്ത്രപരമായ പ്രവര്‍ത്തിയാണ് പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. വധശിക്ഷയില്‍ കുറഞ്ഞതൊന്നും പ്രതി അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

പക്ഷെ വിധി തികച്ചും മനുഷ്യത്വരഹിതമെന്നാണ് വിമര്‍ശിക്കപ്പെട്ടിരിക്കുന്നത്. വധശിക്ഷ നല്‍കുന്നതില്‍  കെനിയയില്‍ നിരോധനം നിലവിലുണ്ട്. 1987 മുതല്‍ രാജ്യം ഒരു കേസിലും വധശിക്ഷ നല്‍കിയിട്ടില്ല. വിധി കേള്‍ക്കാന്‍ ഫരീദിന്റെ ബന്ധുക്കള്‍ കോടതിയിലെത്തിയിരുന്നു. വിധിയില്‍ തങ്ങള്‍ അതീവ സന്തുഷ്ടരാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com