വിമാനയാത്രയ്ക്കിടെ ഭക്ഷണ ട്രേയുടെ പേരില്‍ പൈലറ്റുമാര്‍ തമ്മിലടി; ഇരുവരെയും സസ്‌പെന്‍ഡ് ചെയ്ത് വിമാനക്കമ്പനി 

വിമാനത്തിലെ പ്രധാന പൈലറ്റും കോ-പൈലറ്റും തമ്മിലായിരുന്നു കലഹം
വിമാനയാത്രയ്ക്കിടെ ഭക്ഷണ ട്രേയുടെ പേരില്‍ പൈലറ്റുമാര്‍ തമ്മിലടി; ഇരുവരെയും സസ്‌പെന്‍ഡ് ചെയ്ത് വിമാനക്കമ്പനി 

ബാഗ്ദാദ്:  150തോളം യാത്രക്കാരുമായി ബാഗ്ദാദിലേക്കു പറന്ന വിമാനത്തില്‍ പൈലറ്റുമാര്‍ തമ്മില്‍ കലഹം. ഭക്ഷണ ട്രേയുടെ പേരില്‍ ആരംഭിച്ച തര്‍ക്കം പിന്നീട് കൈയ്യാങ്കളിയിലേക്കും കടന്നു. ഇറാന്‍ നഗരമായ മാഷാദില്‍ നിന്ന് ബാഗ്ദാദിലേക്ക് പോകുകയായിരുന്നു വിമാനത്തിലാണ് സംഭവം. സംഭവത്തെതുടര്‍ന്ന് ഇറാഖി എയര്‍വെയ്‌സ് ഇരു പൈലറ്റുമാരെയും സസ്‌പെന്‍ഡ് ചെയ്തു. 

വിമാനത്തിലെ പ്രധാന പൈലറ്റും കോ-പൈലറ്റും തമ്മിലായിരുന്നു കലഹം. തനിക്ക് നല്‍കാനായി ഭക്ഷണ ട്രേയുമായി എത്തിയ എയര്‍ഹോസ്റ്റസിനെ പൈലറ്റ് തടഞ്ഞതാണ് ഇത്തരത്തിലൊരു പ്രശ്‌നമുണ്ടാകാന്‍ കാരണമെന്ന് കോ-പൈലറ്റ് പറയുന്നു. പ്രധാന പൈലറ്റിനോട് അനുവാദം വാങ്ങാതെ താന്‍ ഭക്ഷണ ട്രേ കൈപറ്റിയത് അയാളെ ചൊടിപ്പിക്കുകയായിരുന്നെന്നു എയര്‍വെയ്‌സ് അധികൃതര്‍ക്ക് നല്‍കിയ കത്തില്‍ കോ-പൈലറ്റ് പറയുന്നു. ട്രേയില്‍ നിന്ന് അദ്ദേഹത്തിന്റെ ഭക്ഷണമെടുത്ത് കഴിച്ചശേഷം പൈലറ്റ് ട്രേകൊണ്ട് തന്നെ മര്‍ദ്ദിക്കുകയും അപമാനിക്കുകയുമായിരുന്നെന്ന് കത്തില്‍ പറയുന്നു. 

ബാഗ്ദാദില്‍ വിമാനം ഇറക്കിയ ശേഷവും ഇരുവര്‍ക്കുമിടയിലെ തര്‍ക്കം തുടര്‍ന്നു. ഇവിടെ എത്തിയിട്ടും പൈലറ്റ് തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്നും സ്വയം പ്രതിരോധിക്കാന്‍ താന്‍ നിര്‍ബന്ധിതനാകുകയായിരുന്നെന്നും കോ പൈലറ്റ് കത്തില്‍ വിശദീകരിക്കുന്നു. സംഭവത്തില്‍ പ്രധാന പേലറ്റിന്റെ വിശദീകരണം ഇനിയും ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു. നിലവില്‍ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണെന്നും ആജീവനാന്ത വിലക്കുപോലും നേരിടേണ്ടിവരുമെന്ന് ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com