ഇന്തൊനേഷ്യയില്‍ ഭൂചലനം; പത്തു പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2018 11:37 AM  |  

Last Updated: 29th July 2018 11:37 AM  |   A+A-   |  

ബാലി: ഇന്തൊനേഷ്യയിലെ ലൊംബാക്കില്‍ പുലര്‍ച്ചെയുണ്ടായ ഭൂമി കുലുക്കത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ചലനം ബാലി വരെ തുടര്‍ചലനങ്ങള്‍ സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്. അറുപതോളം ചെറുചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും. വിനോദസഞ്ചാര കേന്ദ്രങ്ങളുള്‍പ്പടെ പന്ത്രണ്ടിലധികം കെട്ടിടങ്ങളും ഭൂകമ്പത്തില്‍ തകര്‍ന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

ലൊംബാക്കിന്റെ കിഴക്കന്‍ നഗരമായ മതാറാമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പത്ത് സെക്കന്റോളം അതിശക്തമായ ഭൂചലനം പ്രദേശത്ത് അനുഭവപ്പെട്ടിരുന്നു. സുനാമി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ലെന്നും ഭയപ്പെടേണ്ടതില്ലെന്നും ഇന്തൊനേഷ്യന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.