വൈറ്റ് ഹൗസില്‍ ജോലി വേണോ? വിവിധ തസ്‌കികകളിലേയ്ക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ച് ട്രംപ് ഭരണകൂടം 

വൈറ്റ് ഹൗസിലെ വിവിധ തസ്‌കികകളിലായുള്ള ഒഴിവുകള്‍ നികത്താന്‍ തൊഴില്‍മേള സംഘടിപ്പിക്കാനൊരുങ്ങി ട്രംപ് സര്‍ക്കാര്‍
വൈറ്റ് ഹൗസില്‍ ജോലി വേണോ? വിവിധ തസ്‌കികകളിലേയ്ക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ച് ട്രംപ് ഭരണകൂടം 

വാഷിങ്ടണ്‍: വൈറ്റ് ഹൗസിലെ വിവിധ തസ്‌കികകളിലായുള്ള ഒഴിവുകള്‍ നികത്താന്‍ തൊഴില്‍മേള സംഘടിപ്പിക്കാനൊരുങ്ങി ട്രംപ് സര്‍ക്കാര്‍. 'വൈറ്റ് ഹൗസില്‍ ജോലി ചെയ്യാന്‍ താത്പര്യമുണ്ടോ?' എന്ന തലക്കെട്ടില്‍ വാഷിങ്ടണ്‍ ഡിസിയിലെ കണ്‍സര്‍വേറ്റീവ് അനുകൂലികളായ യുവാക്കള്‍ക്ക് സര്‍ക്കാര്‍ മെയില്‍ അയച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഹെറിറ്റേജ് ഫൈണ്ടേഷന്‍ മുന്‍ പ്രസിഡന്റ് ജിം ഡിമിന്റ് സ്ഥാപിച്ച  കണ്‍സര്‍വേറ്റീവ് പാര്‍ട്ണര്‍ഷിപ് ഇന്‍സ്റ്റിറ്റിയൂട്ട് (സിപിഐ) ആണ് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച ഡിര്‍ക്‌സെന്‍ സെനറ്റ് ഓഫീസ് സമുച്ഛയത്തിലാണ് ഇത് നടക്കുക.

കണ്‍സര്‍വേറ്റീവ് അനുകൂലികളായ വാഷിങ്ടണ്‍ ഡിസിയിലെ ആളുകള്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും യോഗ്യരും ആവശ്യമായ പ്രവര്‍ത്തിപരിചയവുമുള്ള നൂറുകണക്കിന് കണ്‍സര്‍വേറ്റീവ് അനുഭാവികള്‍ക്ക് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗനിലയിലുള്ളവരെ നേരിട്ട് ബന്ധപ്പെടാനുള്ള അവസരമാണ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളതെന്നും സിപിഐയിലെ മുതിര്‍ന്ന പോളിസി ഡയറക്ടര്‍ റേച്ചല്‍ ബോവാര്‍ഡ് പറഞ്ഞു. 

മികച്ച കരിയര്‍ സ്വപ്‌നംകാണുന്നവരെല്ലാം മോഹിക്കന്ന ഒന്നാണ് വൈറ്റ് ഹൗസിലെ ഉദ്യോഗാര്‍ത്ഥി ആവുക എന്നത്. പ്രതിരോധം, വാണിജ്യം, ഊര്‍ജം, ആരോഗ്യ സേവന മേഖലകള്‍, ഹോംലാന്‍ഡ് സെക്യൂരിറ്റി, നാസാ, ട്രഷറി തുടങ്ങിയ വകുപ്പുകളിലെ ഒഴിവുകളിലേക്ക് ഇത്തരത്തിലൊരു ജോബ് ഫെയറിലൂടെ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നത് വളരെ അപൂര്‍വ്വമായ സംഭവമാണ്. 

വൈറ്റ് ഹൌസ് തൊഴില്‍ വകുപ്പ് നിയന്ത്രിക്കുന്ന ജോണി ഡിസ്‌റ്റെഫാനോ, പ്രെസിഡന്‍ഷ്യന്‍ ഉദ്യോഗസ്ഥരെ നയിക്കുന്ന ഡെപ്യൂട്ടി അസിസ്റ്റന്റായ ഷോണ്‍ ഡൂസി തുടങ്ങിയ വെസ്റ്റ് വിങ് ഉദ്യോഗസ്ഥര്‍ തൊഴില്‍മേളയ്‌ക്കെത്തുമെന്നും വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷിച്ചിരിക്കുന്ന റിപബ്ലിക്കന്‍ പ്രവര്‍ത്തകരെ നിരീക്ഷിക്കുമെന്നുമാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

ട്രംപിന്റെ പേഴ്‌സണല്‍ സെക്രട്ടറി സാറ ഹക്കബീ സാന്‍ഡേഴ്‌സും ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷായും സമീപഭാവിയില്‍ രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയിലാണ് വിവിധ തസ്തികകളിലെ ഒഴിവുകള്‍ നികത്താന്‍ വൈറ്റ് ഹൌസ് പാടുപെടുന്ന വാര്‍ത്ത പുറത്തുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com