ഗ്രീന്‍കാര്‍ഡ് നിര്‍ത്തലാക്കാന്‍ ട്രംപ് ഒരുങ്ങുന്നു; വിസനിയമം പരിഷ്‌കരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന് നിര്‍ദ്ദേശം, ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

വിദേശികള്‍ക്ക് ഗ്രീന്‍കാര്‍ഡ് നല്‍കുന്ന ഇബി- 5 വിസ നയം പരിഷ്‌കരിക്കുകയോ നിര്‍ത്തലാകുകയോ ചെയ്യണമെന്ന് ട്രംപ് സര്‍ക്കാര്‍ സെനറ്റില്‍ ആവശ്യപ്പെട്ടു
ഗ്രീന്‍കാര്‍ഡ് നിര്‍ത്തലാക്കാന്‍ ട്രംപ് ഒരുങ്ങുന്നു; വിസനിയമം പരിഷ്‌കരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന് നിര്‍ദ്ദേശം, ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

ന്യൂയോര്‍ക്ക്: വിദേശികള്‍ക്ക് ഗ്രീന്‍കാര്‍ഡ് നല്‍കുന്ന ഇബി- 5 വിസ നയം പരിഷ്‌കരിക്കുകയോ നിര്‍ത്തലാകുകയോ ചെയ്യണമെന്ന് ട്രംപ് സര്‍ക്കാര്‍ സെനറ്റില്‍ ആവശ്യപ്പെട്ടു.സ്ഥിരമായ ഫുള്‍ടൈം ജോലി വാഗ്ദാനമുള്ള വിസയാണ് ഇബി-5. ഇത് ഇല്ലാതാവുകയോ പരിഷ്‌കരണം നടപ്പിലാക്കുകയോ ചെയ്താല്‍ തൊഴിലവസരങ്ങള്‍ നഷ്ടമാകും. വിദേശികള്‍ക്ക് യുഎസില്‍ ചുരുങ്ങിയത് ഒരു മില്യന്‍ ഡോളര്‍ നിക്ഷേപിക്കാനും അത് വഴി സ്ഥിരമായ പത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അവസരം നല്‍കുന്ന വിസയാണ് ഇബി-5.
ഇന്ത്യക്കാരുള്‍പ്പടെ നിരവധി വിദേശികളാണ് ഇബി-5 വിസയില്‍ യുഎസില്‍ കഴിയുന്നത്.വിദേശികള്‍ നടത്തുന്ന സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചതോടെയാണ് പുതിയ തീരുമാനമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി 1990 ലാണ് കോണ്‍ഗ്രസ് ഇബി-5 വിസ കൊണ്ടുവന്നത്.

 ഇബി- വിസയുടെ മറവില്‍ സാമ്പത്തിക ക്രമക്കേടുകള്‍ വര്‍ധിച്ചതോടെ നിയമനിര്‍മ്മാതാക്കള്‍ പ്രതിഷേധമറിയിച്ചിരുന്നു.വിസയുടെ ഈ വര്‍ഷത്തെ കാലാവധി സെപ്തംബര്‍ 30ന് അവസാനിക്കുമെന്നും പൗരന്മാരായ നിക്ഷേപകരെയും , വ്യവസായികളെയും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് എമിഗ്രേഷന്‍ സര്‍വ്വീസ് ഡയറക്ടര്‍ ഫ്രാന്‍സിസ് സിസ്‌ന പറഞ്ഞു. നിലവിലെ അവസ്ഥയില്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് ഇബി-5 വിസയെന്നും വിദേശികള്‍ക്ക് ചാരപ്രവൃത്തിവരെ നടത്താന്‍ പാകത്തിലുള്ള പിഴവുകള്‍ അതിലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പഴുതടച്ച് പരിഷ്‌കരിക്കണമെന്നാണ് സിസ്‌ന ആവശ്യപ്പെട്ടത്.

 ഈ വര്‍ഷം ഇബി-5 വിസയ്ക്കായി അപേക്ഷിച്ച ഇന്ത്യക്കാരില്‍ 20 %പേരുടെയും അപേക്ഷ തള്ളിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ചണ്ഡിഗഡ്, പഞ്ചാബ്, മുംബൈ, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് ഇബി-5 ന് കൂടുതല്‍ അപേക്ഷകരുണ്ടാത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com