ലോകകപ്പ് ട്രോഫിയിലൂടെ മയക്കുമരുന്ന് കടത്ത് ; വന്‍സംഘം പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th June 2018 03:10 PM  |  

Last Updated: 26th June 2018 03:10 PM  |   A+A-   |  

ബ്യൂണസ് അയേഴ്‌സ് : ലോകമെങ്ങും ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ മുങ്ങിയിരിക്കുകയാണ്. ലോകകപ്പ് ജ്വരത്തിനിടെ മയക്കുമരുന്ന് കടത്ത് സംഘവും സജീവമായി. അര്‍ജന്റീനയില്‍ വ്യാജ ലോകകപ്പ് ട്രോഫിയിലൂടെ കടത്താന്‍ ശ്രമിച്ച വന്‍തോതില്‍ മയക്കുമരുന്നാണ് അധികൃതര്‍ പിടികൂടിയത്. അര്‍ജന്റീനന്‍ സുരക്ഷാമന്ത്രി ക്രിസ്റ്റ്യന്‍ റിടോന്‍ഡോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊക്കെയ്ന്‍, മാരിജുവാന, പണം എന്നിവയാണ് ലോകകപ്പ് ട്രോഫിയുടെ മാതൃകകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. 

നാര്‍കോസ് ഡി ലാ കോപ എന്ന മയക്കുമരുന്ന് സംഘമാണ് കഴിഞ്ഞദിവസം പിടിയിലായത്. സിഡ്‌നി മോണിംഗ് ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകകപ്പ് ട്രോഫിയിലൂടെ 10 കിലോ കൊക്കെയ്‌നാണ് കടത്താന്‍ ശ്രമിച്ചത്. കൂടാതെ 20 കിലോ മാരിജുവാനയും, 15,000 ഡോളറും പിടിച്ചെടുത്തിട്ടുണ്ട്. 

മയക്കുമരുന്ന് കടത്തുസംഘത്തിലെ രണ്ട് സ്ത്രീകളും നാലു പുരുഷന്മാരും പൊലീസ് പിടിയിലായി. മയക്കുമരുന്ന് കടത്താനുപയോഗിച്ച വാഹനവും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ കൊക്കെയ്ന്‍ വിദഗ്ധമായി ഒളിപ്പിച്ചുവെച്ച 14 ടീം ജേഴ്‌സികള്‍ കൊളംബിയന്‍ പൊലീസ് പിടികൂടിയിരുന്നു.