ഇന്ത്യ-പാക് നയതന്ത്രബന്ധം വീണ്ടും വഷളാകുന്നു ? ; ഹൈക്കമ്മീഷണറെ പാകിസ്ഥാന്‍ തിരിച്ചുവിളിച്ചു

പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഡല്‍ഹിയില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പാകിസ്താന്റെ നടപടി
ഇന്ത്യ-പാക് നയതന്ത്രബന്ധം വീണ്ടും വഷളാകുന്നു ? ; ഹൈക്കമ്മീഷണറെ പാകിസ്ഥാന്‍ തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്ഥാന്‍ തിരിച്ചു വിളിച്ചു. ഹൈക്കമ്മീഷണർ സൊഹെയ്ൽ മെഹ്മൂദിനെയാണ് പാകിസ്ഥാൻ തിരികെ വിളിച്ചത്. പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഡല്‍ഹിയില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പാകിസ്താന്റെ നടപടി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ കാര്‍ പിന്തുടര്‍ന്ന് ചിലയാളുകള്‍ അസഭ്യവര്‍ഷം നടത്തിയെന്ന് പാകിസ്താന്‍ പരാതി നല്‍കിയിരുന്നു. 

എന്നാൽ തങ്ങൾ നൽകിയ പരാതിയിൽ നടപടി എടുക്കുന്നതിൽ ഇന്ത്യൻ സർക്കാർ അലംഭാവം കാണിച്ചെന്ന് ഹൈക്കമ്മീഷണർ സൊഹെയ്ൽ മെഹ്മൂദ് ആരോപിച്ചു. ഇന്ത്യയിലെ പാക് ഹൈക്കീമ്മഷൻ ഉദ്യോ​ഗസ്ഥർക്കും കുടുംബാം​ഗങ്ങൾക്കുമെതിരെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അക്രമങ്ങളും മോശം പെരുമാറ്റങ്ങളും നേരിടുകയാണെന്ന് പാക് വിദേശകാര്യമന്ത്രാലയവും അറിയിച്ചു. പാകിസ്ഥാനിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെപി സിം​ഗിനെ പാകിസ്ഥാൻ വിളിച്ചുവരുത്തി അതൃപ്തി അറിയിക്കുകയും ചെയ്തു. 

അതേ സമയം പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ഇന്ത്യ പ്രതികരിച്ചു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്താനില്‍ നിരന്തരം അപമാനിക്കുന്നുണ്ട്. തങ്ങള്‍ ഇതിനെ നയതന്ത്രപരമായി കൈകാര്യം ചെയ്യുകയാണ് ഉണ്ടായതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com