കിം ജോങ് ചൈനയിൽ ? ; സന്ദർശനം രഹസ്യമാക്കി ബീജിം​ഗ്

2011ല്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് കിം വിദേശ സന്ദര്‍ശനം നടത്തുന്നത്
കിം ജോങ് ചൈനയിൽ ? ; സന്ദർശനം രഹസ്യമാക്കി ബീജിം​ഗ്

ബീജിം​ഗ് : ആണവപരീക്ഷണവുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങളുമായി അഭിപ്രായഭിന്നത തുടരുന്നതിനിടെ, ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ചൈന സന്ദര്‍ശിക്കുന്നതായി റിപ്പോർട്ടുകൾ. അതീവ രഹസ്യമായാണ് അദ്ദേഹം ചൈനയിലെത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ ആരൊക്കെ അദ്ദേഹത്തെ അനു​ഗമിക്കുന്നു, ആരൊക്കെയായി, എന്തൊക്കെ കാര്യങ്ങളിൽ ചർച്ച നടക്കും തുടങ്ങിയ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കിമ്മിന്റെ സന്ദര്‍ശനം സംബന്ധിച്ച് സ്ഥിരീകരണവും ഉണ്ടായിട്ടില്ല.2011ല്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് കിം വിദേശ സന്ദര്‍ശനം നടത്തുന്നത്. 

വടക്കു കിഴക്കൻ അതിർത്തിയിലെ ഡാങ്‌ഡോങ് വഴി പ്രത്യേക ട്രെയിനിലാണ് കിം ജോങ് ഉന്‍ സുഹൃദ് രാജ്യമായ ചൈനയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. 2011 ൽ കിമ്മിന്റെ പിതാവ് കിം ജോങ് രണ്ടാമൻ ചൈന സന്ദർശനം നടത്തുന്നതിന് സമാനമായ ട്രെയിൻ എത്തുന്നതിന്റെ ദൃശ്യങ്ങൾ ജപ്പാൻ ചാനൽ പുറത്തുവിട്ടു. ഉത്തര കൊറിയയുടെ നേതാക്കള്‍ വിദേശയാത്രകള്‍ക്ക് ഉപയോഗിക്കാറുള്ള തരം പഴയ രീതിയിലുള്ള ഒരു തീവണ്ടിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

റെയില്‍വേ സ്റ്റേഷനില്‍ കനത്ത സുരക്ഷയും പോലീസ് സാന്നിധ്യവും ശക്തമാക്കിയിരുന്നു. കൂടാതെ, ടിയാന്‍മെന്‍ സ്‌ക്വയര്‍ അടക്കം സുപ്രധാനമായ പല കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുള്ളതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഉത്തരകൊറിയയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് ചൈന എതിര്‍പ്പുകള്‍ നേരിടുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഡിങ്ഡോങും ബീജിം​ഗും തമ്മിൽ 1100 കിലോമീറ്റർ ദൂരമാണ് ഉള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com