രൂക്ഷഗന്ധമെന്ന് വെള്ളക്കാരന്റെ പരാതി; യുവതിയേയും മക്കളേയും വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

സഹയാത്രികന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് നിങ്ങളെ വിമാനത്തില്‍ നിന്ന് പുറത്താക്കിയെന്നാണ് വിമാനത്തിലെ പൈലറ്റ് തന്നോട് വന്ന് പറഞ്ഞതെന്നും യുവതി പരാതിയില്‍ പറയുന്നത്
രൂക്ഷഗന്ധമെന്ന് വെള്ളക്കാരന്റെ പരാതി; യുവതിയേയും മക്കളേയും വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

യുഎസ് വിമാനകമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്ന് നേരിടേണ്ടിവന്ന വംശീയ വിവേചനത്തിനെതിരേ പരാതിയുമായി ആഫ്രിക്കന്‍ യുവതി. സഹയാത്രികനായ വെള്ളക്കാരന്‍ തനിക്ക് രൂക്ഷഗന്ധമുണ്ടെന്ന് പരാതിപ്പെട്ടതോടെ വിമാനകമ്പനിയിലെ ജീവനക്കാര്‍ തന്നെയും മക്കളേയും വിമാനത്തില്‍ നിന്ന് പുറത്താക്കിയെന്നാണ് യുവതിയുടെ പരാതി. നൈജീരിയന്‍ പൗരയായ ക്വീന്‍ ഒബിയോമയ്ക്കും ഇവരുടെ രണ്ട് മക്കള്‍ക്കുമാണ് വംശീയ അധിക്ഷേപം നേരിടേണ്ടിവന്നത്. 

രണ്ടുവര്‍ഷം മുന്‍പാണ് സംഭവമുണ്ടാകുന്നത്. ലാഗോസില്‍ നിന്ന് കാനഡയിലേക്ക് പോവുകയായിരുന്നു കുടുംബം. ഇതിനായി ഹൗസ്ടണ്ണില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് വിമാനത്തില്‍ കയറിയപ്പോഴായിരുന്നു സംഭവം. ബിസിനസ് ക്ലാസില്‍ തനിക്ക് അനുവദിച്ച സീറ്റില്‍ മറ്റൊരു യാത്രക്കാരന്‍ ഇരിക്കുന്നതു കണ്ട് ഒബിയോമ ചോദ്യം ചെയ്തു. എന്നാല്‍ ജീവനക്കാര്‍ ഇയാളെ അവിടെനിന്ന് മാറ്റാതെ മറ്റൊരു സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. 

പിന്നീട് ബാത്തറൂമില്‍ പോയി വന്ന ഒബിയോമയെ സീറ്റിലേക്ക് കടത്തിവിടാതെ അതേ യാത്രക്കാരന്‍ നിന്നിരുന്നുവെന്നും പരാതിയില്‍ പറയുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ വിമാനത്തിലെ ജീവനക്കാര്‍ വന്ന് വിമാനത്തില്‍ നിന്ന് പുറത്തുപോകണമെന്ന് ഒബിയോമയോട് ആവശ്യപ്പെട്ടു. സഹയാത്രികന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് നിങ്ങളെ വിമാനത്തില്‍ നിന്ന് പുറത്താക്കിയെന്നാണ് വിമാനത്തിലെ പൈലറ്റ് തന്നോട് വന്ന് പറഞ്ഞതെന്നും യുവതി പരാതിയില്‍ പറയുന്നത്. തനിക്ക് രൂക്ഷ ഗന്ധമാണെന്നും തന്നോടൊപ്പം യാത്രചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നില്ല എന്ന വെള്ളക്കാരന്റെ പരാതിയിലായിരുന്നു നടപടി.

കാനഡയില്‍ മക്കളെ പഠിക്കാന്‍ ചേര്‍ക്കാന്‍ പോവുകയായിരുന്നു ഒബിയോമ. ഇതു കോട്ടതോടെ താന്‍ മാനസികമായി തകര്‍ന്നുപോയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. തന്നെയും തന്റെ മക്കളേയും ക്രിമിനല്‍സിനെപ്പോലെയാണ് പുറത്താക്കിയതെന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നനത്. സംഭവത്തില്‍ പ്രതികരിക്കാന്‍ യുണൈറ്റഡ് എയര്‍ലൈന്‍ തയാറായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com