മൃതദേഹം വെട്ടിമുറിച്ച് ആസിഡിലിട്ട് ദ്രവിപ്പിച്ചു; ഖഷോഗിയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി തുര്‍ക്കി

ഒരിക്കലും മൃതദേഹം കണ്ടെടുക്കരുത് എന്ന ഉദ്ദേശത്തോടെയാണ് അവര്‍ ഇത് ചെയ്ത്
മൃതദേഹം വെട്ടിമുറിച്ച് ആസിഡിലിട്ട് ദ്രവിപ്പിച്ചു; ഖഷോഗിയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി തുര്‍ക്കി

ഇസ്താംബുള്‍; മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി തുര്‍ക്കി. കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം ഖഷോഗിയുടെ മൃതദേഹം വെട്ടിനുറുക്കി ആസിഡിലിട്ട് ദ്രവിപ്പിച്ചെന്നാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ ഉപദേഷ്ടാവ് പറയുന്നത്. ഒരിക്കലും മൃതദേഹം കണ്ടെടുക്കരുത് എന്ന ഉദ്ദേശത്തോടെയാണ് അവര്‍ ഇത് ചെയ്തതെന്നും വ്യക്തമാക്കി. ആദ്യമായാണ് ഖഷോഗിയുടെ മൃതദേഹത്തെക്കുറിച്ച് തുര്‍ക്കിയുടെ ഔദ്യോഗിക പ്രതികരണം എത്തുന്നത്.

ഇസ്താന്‍ബുളിലെ സൗദി കോണ്‍സുലേറ്റിലേക്ക് വിളിച്ചു വരുത്തിയാണ് ഖഷോഗിയെ ക്രൂരമായി കൊന്നത്. സൗദി അറേബ്യയുടെ പങ്ക് തെളിയിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആസിഡില്‍ ദ്രവിപ്പിക്കാനാണ് അവര്‍ മൃതദേഹം വെട്ടിമുറിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം ഒരിക്കലും കണ്ടെടുക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. നിരപരാധിയായ ഒരാളെ കൊല്ലുക മാത്രമല്ല അയാളുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചതിലൂടെ വലിയ കുറ്റകൃത്യമാണ് അവര്‍ ചെയ്തതെന്നും എര്‍ദോഗന്റെ ഉപദേഷ്ടാവ് പറഞ്ഞു. 

ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിലെത്തിയ ഖഷോഗിയെ കാണാതായത്. ആദ്യം കോണ്‍സുലേറ്റില്‍ നിന്ന് പുറത്ത് പോയെന്ന് പറഞ്ഞ സൗദി പിന്നീട് തര്‍ക്കത്തിനിടെ കൊല്ലപ്പെട്ടുവെന്ന് സമ്മതിച്ചിരുന്നു. ഖഷോഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് രാജ്യാന്തര തലത്തില്‍ സൗദിക്കുനേരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com