3000 കോടി രൂപ മുടക്കി പ്രതിമ നിര്‍മിക്കുന്നവര്‍ക്ക് സഹായം നല്‍കുന്നത് എന്തിനാണ്; ഇന്ത്യയ്ക്ക് ധനസഹായം നല്‍കുന്നതിനെതിരേ ബ്രിട്ടീഷ് നേതാവ്

പ്രതിമയുടെ നിര്‍മാണം ആരംഭിച്ച 2012 മുതല്‍ 2018 വരെ ഏകദേശം 9400 കോടി രൂപയാണ് ഇന്ത്യയ്ക്ക് ബ്രിട്ടന്‍ നല്‍കിയിട്ടുണ്ടെന്നാണ് ബോണ്‍ പറയുന്നത്
3000 കോടി രൂപ മുടക്കി പ്രതിമ നിര്‍മിക്കുന്നവര്‍ക്ക് സഹായം നല്‍കുന്നത് എന്തിനാണ്; ഇന്ത്യയ്ക്ക് ധനസഹായം നല്‍കുന്നതിനെതിരേ ബ്രിട്ടീഷ് നേതാവ്

മൂവായിരം കോടി രൂപ മുതല്‍ മുടക്കില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മിച്ചത് രാജ്യത്ത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇപ്പോള്‍ അന്താരാഷ്ട്ര തലത്തിലും പ്രതിമ ചര്‍ച്ചയാകുകയാണ്. മൂവായിരം കോടി മുതല്‍ മുടക്കി പ്രതിമ നിര്‍മിക്കുന്ന രാജ്യത്തിന് ധനസഹായം നല്‍കുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം. ഇത്രയും പണം മുടക്കി പ്രതിമ നിര്‍മിക്കുന്ന ഇന്ത്യയ്ക്ക് ധനസഹായം നല്‍കുന്നത് എന്തിനാണെന്നാണ് എംപി പീറ്റര്‍ ബോണ്‍ ചോദിച്ചത്. 

പ്രതിമയുടെ നിര്‍മാണം ആരംഭിച്ച 2012 മുതല്‍ 2018 വരെ ഏകദേശം 9400 കോടി രൂപയാണ് ഇന്ത്യയ്ക്ക് ബ്രിട്ടന്‍ നല്‍കിയിട്ടുണ്ടെന്നാണ് ബോണ്‍ പറയുന്നത്. ഇന്ത്യക്ക് ബ്രിട്ടന്‍ നല്‍കി വന്നിരുന്ന ധനസഹായം 2015ല്‍ നിറുത്തലാക്കിയിരുന്നതാണ്. എന്നാല്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പദ്ധതികള്‍ നടപ്പാക്കാനും ഇപ്പോഴും സാമ്പത്തിക സഹായം നല്‍കി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ സഹായം വാങ്ങി പ്രതിമ നിര്‍മിക്കാനായി ഉപയോഗിച്ചതാണ് ബ്രിട്ടീഷ് എംപിയെ പ്രകോപിപ്പിച്ചത്.

രാജ്യത്തിന് അകത്തു മാത്രമല്ല അന്താരാഷ്ട്ര തലത്തിലും വലിയ വിമര്‍ശനമാണ് ഇന്ത്യയ്ക്ക് നേരെ ഉയരുന്നത്. ഗുജറാത്തിലെ നര്‍മത നദിയിലെ സാധു ബെറ്റ് ദ്വീപിലാണ് 182 മീറ്റര്‍ ഉയരത്തില്‍ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന് പേര് നല്‍കിയിരിക്കുന്ന പ്രതിമ ഒക്‌റ്റോബര്‍ 31  നാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com