ടെസ്ലയ്ക്ക് കരുത്തേകാന്‍ ഇനിയൊരു പെൺശക്തി; ഇലോൺ മസ്കിൻ്റെ പിൻഗാമി റോബിൻ ഡെനോം 

വിവാദങ്ങളെത്തുടര്‍ന്ന് ടെസ്‌ല സ്ഥാപകൻ ഇലോണ്‍ മസ്‌ക് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് ഒന്നരമാസം പിന്നിടുമ്പോഴാണ് റോബിന്‍ ഡെനോമിന്റെ നിയമനം
ടെസ്ലയ്ക്ക് കരുത്തേകാന്‍ ഇനിയൊരു പെൺശക്തി; ഇലോൺ മസ്കിൻ്റെ പിൻഗാമി റോബിൻ ഡെനോം 

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്ത് ഇലക്ട്രിക് കാർ വിപ്ലവത്തിന് തുടക്കം കുറിച്ച ടെസ്ലയുടെ പുതിയ ചെയർപേഴ്സണായി റോബിന്‍ ഡെനോം നിയമിതയായി. വിവാദങ്ങളെത്തുടര്‍ന്ന് ടെസ്‌ല സ്ഥാപകൻ ഇലോണ്‍ മസ്‌ക് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് ഒന്നരമാസം പിന്നിടുമ്പോഴാണ് റോബിന്‍ ഡെനോമിന്റെ നിയമനം. ടെസ്ലയുടെ സിഇഒ സ്ഥാനത്ത് മസ്ക് തുടരും. 

ടെസ്ല ഡയറക്ടർ ബോർഡ് അം​ഗങ്ങളായ രണ്ട് വനിതകളിൽ ഒരാളായിരുന്നു ഡെനോം. 2014മുതൽ കമ്പനിയുടെ ബോർഡ് അം​ഗമായ അവർ ഓസ്ട്രേലിയന്‍ കമ്പനിയായ ടെല്‍സ്ട്രയുടെ സി.എഫ്.ഒ. ആയും പ്രവര്‍ത്തിച്ചുവരികയായിരുന്നു. മുമ്പ് ജുനീപ്പര്‍ നെറ്റ് വര്‍ക്‌സ്, സണ്‍ മൈക്രോ സിസ്റ്റംസ്, ടൊയോട്ട എന്നിവിടങ്ങളിലും ഡെനോം ജോലി ചെയ്തിട്ടുണ്ട്. 

ടെസ്ലയെ പ്രൈവറ്റ് കമ്പനിയാക്കുന്നതുമായി ബന്ധപ്പെട്ട് ഇലോണ്‍ മസ്ക് തന്റെ ട്വീറ്റിലൂടെ പങ്കുവച്ച വിവരങ്ങളാണ് വിവാദമായത്. ടെസ്‌ലയിലെ പൊതു നിക്ഷേപകരുടെ ഓഹരി വാങ്ങിക്കൂട്ടി പ്രൈവറ്റ് കമ്പനിയാക്കുന്നതിന് വേണ്ട ഫണ്ടിങ് ലഭിച്ചു എന്ന തരത്തിലായിരുന്നു അദ്ദേഹ​ത്തിന്റെ ട്വീറ്റ്. ട്വീറ്റുകൾ വിവാദമാവുകയും നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ട്വീറ്റ് ചെയ്തതിന്  യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ മസ്കിനെതിരെ നടപടിയെടുത്തി‌രുന്നു. മൂന്നു വര്‍ഷത്തേക്ക് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറി നില്‍ക്കണമെന്ന നിർദ്ദേശത്തെതുടർന്നാണ് മസ്ക് സ്ഥാനമൊഴിഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com