'ദേശീയത ദേശസ്‌നേഹത്തെ ഒറ്റുകൊടുക്കുന്നു' , യുദ്ധ വാര്‍ഷികത്തില്‍ ട്രംപിനെ കടന്നാക്രമിച്ച് മാക്രണ്‍; മറുപടി നല്‍കാതെ ട്രംപ്

ഒന്നാംലോകയുദ്ധം അവസാനിച്ചതിന്റെ നൂറാം വാര്‍ഷിക വേദിയില്‍ യുഎസ് നയങ്ങളെ കടന്നാക്രമിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രണ്‍. ദേശസ്‌നേഹത്തിന്റെ നേര്‍ വിപരീതമാണ് ദേശീയത
'ദേശീയത ദേശസ്‌നേഹത്തെ ഒറ്റുകൊടുക്കുന്നു' , യുദ്ധ വാര്‍ഷികത്തില്‍ ട്രംപിനെ കടന്നാക്രമിച്ച് മാക്രണ്‍; മറുപടി നല്‍കാതെ ട്രംപ്

പാരിസ്: ഒന്നാംലോകയുദ്ധം അവസാനിച്ചതിന്റെ നൂറാം വാര്‍ഷിക വേദിയില്‍ യുഎസ് നയങ്ങളെ കടന്നാക്രമിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രണ്‍. ദേശസ്‌നേഹത്തിന്റെ നേര്‍ വിപരീതമാണ് ദേശീയത. നമ്മുടെ താത്പര്യത്തിന് മുന്‍ഗണനയെന്നും മറ്റുള്ളവരുടെ താത്പര്യം ആര് നോക്കുന്നുവെന്നും പറയുന്നതിലൂടെ ദേശസ്‌നേഹത്തെ ഒറ്റുകൊടുക്കുന്ന ദേശീയതയാണ് പ്രകടമാകുന്നതെന്നായിരുന്നു ആര്‍ക് ദെ ത്രിയോംഫില്‍ മാക്രണ്‍ നടത്തിയ പ്രസംഗത്തിന്റെ ചുരുക്കം. മുന്‍പ് യുദ്ധത്തിന് നേതൃത്വം നല്‍കിയ ' ചെകുത്താന്‍മാരാണ്' തുടര്‍ന്ന് വന്ന തലമുറകള്‍ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ക്ക് കാരണമെന്നും മാക്രണ്‍ പറഞ്ഞു. 

 തികഞ്ഞ ദേശീയവാദിയാണ് താനെന്ന് കഴിഞ്ഞ ദിവസം കൂടി ആവര്‍ത്തിച്ച് പ്രഖ്യാപിച്ച ട്രംപ് ഈ പ്രസംഗം കേട്ട ശേഷം ഒടുവില്‍ മാത്രമാണ് കൈയ്യടിച്ചത്. തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഉയര്‍ത്തിയ യാതൊരു വാദങ്ങള്‍ക്കും മറുപടി പറയാന്‍ ട്രംപ് തയ്യാറായില്ല. യുദ്ധത്തില്‍ മരിച്ച അമേരിക്കന്‍ സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് മടങ്ങുകയാണ് ട്രംപ് ചെയ്തത്. എന്നാല്‍  ട്രംപിന്റെ ദേശീയവാദത്തിന് പിന്തുണയുമായി ഹംഗറിയും പോളണ്ടും എത്തി. 

രാജ്യാന്തര തലത്തില്‍ ട്രംപ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ 70 തില്‍ അധികം രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു. വ്യാപാര ഉടമ്പടികളില്‍ നിന്നും നാറ്റോ, ഇയു എന്നിവയുമായുള്ള ബന്ധങ്ങളില്‍ നിന്നുമുള്ള യുഎസ് പിന്‍മാറ്റത്തെ കുറിച്ചുള്ള ആശങ്കകളും വേദിയില്‍ ഉയര്‍ന്നു. ജസ്റ്റിന്‍ ട്രൂദ്യൊ, ഫിലിപ് ആറാമന്‍ രാജാവ്, ബെഞ്ചമിന്‍ നെതന്യാഹു, എര്‍ദോഗന്‍, പെട്രോ പോറോഷെങ്കോ തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുത്ത പ്രമുഖര്‍.

ഒന്നാംലോകയുദ്ധം അവസാനിച്ചതിന്റെ നൂറാം വാര്‍ഷികം ലോകത്തിലെ വിവിധ സ്ഥലങ്ങള്‍ക്കൊപ്പം പാരിസിലെ ഷോസ് എല്‍സിയിലാണ് സംഘടിപ്പിച്ചത്. ആര്‍ക് ദെ ത്രിയോഫിലേക്ക് മറ്റുള്ള ലോകനേതാക്കളെല്ലാവരും കൂട്ടമായി എത്തിയപ്പോള്‍ ട്രംപും പുടിനും തനിയേ കുട ചൂടി എത്തുകയായിരുന്നു.

സുരക്ഷാ കാരണങ്ങളാല്‍ ആയിരുന്നു തനിയേയുള്ള രംഗപ്രവേശമെങ്കിലും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി നില്‍ക്കുന്നുവെന്ന രാഷ്ട്രീയ സന്ദേശമാണ് ഇതില്‍ പ്രകടമായതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ലോകനേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ അസാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടത് തെരേസാ മെയ് ആയിരുന്നു. ബ്രിട്ടനില്‍ നടന്ന ചടങ്ങുകളിലാണ് മേ പങ്കെടുത്തത്. സമാധാനത്തിനായി പൊരുതുന്നതിനുള്ള മാക്രണിന്റെ ആഹ്വാനത്തോടെയാണ് സമ്മേളനം അവസാനിച്ചത്. 

 ചടങ്ങിനിടെ ട്രംപിനെതിരെ പ്രതിഷേധ സൂചകമായി മാറ് തുറന്ന സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. യുദ്ധക്കുറ്റവാളികള്‍ക്ക് സ്വാഗതം എന്ന് ശരീരത്തില്‍ എഴുതിയാണ് പ്രതിഷേധകാരികള്‍ എത്തിയത്. ട്രംപിനെതിരെ പാരീസില്‍ അന്‍പതോളം സമാധാനപ്രവര്‍ത്തകര്‍ സമ്മേളന വേദിക്ക് പുറത്തും നേരത്തേ പ്രതിഷേധം നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com