കശ്മീര്‍ പാകിസ്ഥാന് വേണ്ട ; നാലു പ്രവിശ്യകള്‍ തന്നെ കൈകാര്യം ചെയ്യാനാകുന്നില്ലെന്ന് അഫ്രിദി

കശ്മീരില്‍ ജനങ്ങള്‍ മരിക്കുന്നത് കാണുമ്പോള്‍ വേദനയുണ്ട്
കശ്മീര്‍ പാകിസ്ഥാന് വേണ്ട ; നാലു പ്രവിശ്യകള്‍ തന്നെ കൈകാര്യം ചെയ്യാനാകുന്നില്ലെന്ന് അഫ്രിദി

ലണ്ടന്‍  : കശ്മീര്‍ വിഷയത്തില്‍ പാക് സര്‍ക്കാരിന് ഉപദേശവുമായി മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി. ജമ്മു കശ്മീര്‍ പാകിസ്ഥാന് ആവശ്യമില്ല. അത് വിട്ടുകളയാനാണ് അഫ്രിദി ഉപദേശിച്ചത്. പാകിസ്ഥാന്റെ കൈവശമുള്ള നാലു പ്രവിശ്യകള്‍ തന്നെ കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കശ്മീരിനായി അവകാശവാദം ഉന്നയിക്കേണ്ടെന്നും അഫ്രിദി അഭിപ്രായപ്പെട്ടു. 

ലണ്ടനില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു 38 കാരനായ അഫ്രിദിയുടെ പ്രസ്താവന. കശ്മീരിനെ വിട്ടുകളയുക എന്നതുകൊണ്ട് ഉദ്ദേശിച്ചത് ഇന്ത്യയ്ക്ക് നല്‍കുക എന്നല്ല. കശ്മീര്‍ സ്വതന്ത്ര രാജ്യമായി നില്‍ക്കട്ടെ എന്നും അഫ്രിദി പറഞ്ഞു. 

കശ്മീരില്‍ ജനങ്ങള്‍ മരിക്കുന്നത് കാണുമ്പോള്‍ വേദനയുണ്ട്. രാജ്യത്തെ ഐക്യത്തോടെ നിര്‍ത്തുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടു. കൈവശമുള്ള നാലുപ്രവിശ്യകളും കൈകാര്യം ചെയ്യാനാകുന്നില്ല. കശ്മീരിനെ ഒരു സ്വതന്ത്ര രാജ്യമാക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും അഫ്രീദി പറഞ്ഞു. 

നേരത്തെയും കശ്മീര്‍ വിഷയത്തില്‍ അഫ്രീദി നടത്തിയ പ്രതികരണം വിവാദമായിരുന്നു. കശ്മീരില്‍ സ്വയംഭരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ഭരണകൂടം അടിച്ചമര്‍ത്തുന്നത് ആശാങ്കജനകമാണെന്ന് കഴിഞ്ഞ ഏപ്രിലില്‍ അഫ്രീദി പറഞ്ഞിരുന്നു. കശ്മീരിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ടും സോഷ്യല്‍ മീഡിയയില്‍ അഫ്രീദി ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com