കനത്ത മഴ, വെള്ളപ്പൊക്കം: കുവൈറ്റ് വിമാനത്താവളം അടച്ചു, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു ; ഇന്നും പൊതു അവധി

വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ളവര്‍ പുതിയ ഷെഡ്യൂള്‍ സംബന്ധിച്ച വിവരം മനസിലാക്കി വേണം വിമാനത്താവളത്തില്‍ എത്താനെന്ന് അധികൃതര്‍
കനത്ത മഴ, വെള്ളപ്പൊക്കം: കുവൈറ്റ് വിമാനത്താവളം അടച്ചു, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു ; ഇന്നും പൊതു അവധി

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ മഴ കനക്കുന്നു. ബുധനാഴ്ച രാവിലെ ആരംഭിച്ച ചാറ്റല്‍മഴ ഉച്ചകഴിഞ്ഞതോടെ ശക്തിപ്രാപിച്ചു. ഉച്ചയ്ക്കുശേഷം ഇടിയോടുകൂടിയ കനത്ത മഴയാണ് പെയ്തത്. കനത്ത മഴയില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളും വെള്ളം കയറിയ നിലയിലാണ്.  വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ സുരക്ഷാ മുന്നറിയിപ്പ് നല്‍കി. ആവശ്യത്തിനുള്ള ഭക്ഷണപദാര്‍ഥങ്ങള്‍, മെഴുകുതിരി എന്നിവയൊക്കെ കരുതിവയ്ക്കാനും നിര്‍ദേശമുണ്ട്.

മഴക്കെടുതി കാരണം കുവൈറ്റ് വിമാനത്താവളം അടച്ചിട്ടു. ഇന്നലെ രാത്രി കുവൈത്തില്‍ ഇറങ്ങേണ്ട ഏതാനും വിമാനങ്ങള്‍ സൗദി അറേബ്യയിലെ ദമാം, റിയാദ്, ബഹ്‌റൈനിലെ റിയാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. ഇന്നലെ രാത്രി കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയിരുന്നു. എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വെയ്‌സിന്റെയും വിമാനങ്ങള്‍ ദമാമിലേക്കു തിരിച്ചുവിട്ടു. കൊച്ചിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം ഖത്തറിലെ ദോഹയില്‍ ഇറക്കി. 

വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ളവര്‍ പുതിയ ഷെഡ്യൂള്‍ സംബന്ധിച്ച വിവരം മനസിലാക്കി വേണം വിമാനത്താവളത്തില്‍ എത്താനെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നും നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. 72 മണിക്കൂര്‍ അടിയന്തര സേവനത്തിനു തയ്യാറാകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നഴ്‌സുമാര്‍ക്കും അധികൃതര്‍ നിര്‍ദേശം നല്‍കി. 

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇന്നും സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെയും പൊതുഅവധി നല്‍കിയിരുന്നു. സ്വകാര്യ കമ്പനികള്‍ ഉച്ചവരെ പ്രവര്‍ത്തിച്ചു. മഴ ശക്തിപ്പെടുന്നെന്ന സൂചന ലഭിച്ചതോടെ മിക്കവാറും എല്ലാ കമ്പനികളും ജീവനക്കാര്‍ക്ക് ഉച്ചയ്ക്കുശേഷം അവധി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com