തലസ്ഥാനം മരുഭൂമിയിലെ പുതിയ നഗരത്തിലേക്ക് മാറ്റാനൊരുങ്ങി ഈജിപ്ത്; കെയ്‌റോ പ്രേതനഗരമാവുമോ?

കെയ്‌റോയില്‍ നിന്നും 168 കിലോമീറ്റര്‍ അകലെയാണ്  170,000 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന പുതിയ നഗരം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. കെയ്‌റോയുടെ ഇരട്ടിയോളം വലിപ്പമുള്ള നഗരത്തിലേക്ക് അടുത്ത വര്‍ഷ
തലസ്ഥാനം മരുഭൂമിയിലെ പുതിയ നഗരത്തിലേക്ക് മാറ്റാനൊരുങ്ങി ഈജിപ്ത്; കെയ്‌റോ പ്രേതനഗരമാവുമോ?

 കെയ്‌റോ: തലസ്ഥാന നഗരം മാറ്റാനുള്ള നടപടികളുമായി ഈജിപ്ത് സര്‍ക്കാര്‍ മുന്നോട്ട്. മരുഭൂമിയില്‍ 4500 കോടി ഡോളര്‍ ചിലവിട്ടാണ് പുതിയ തലസ്ഥാനം പണിയുന്നത്. പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍ സിസിയുടെ സ്വപ്‌ന പദ്ധതിയാണിതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പുതിയ നഗരം ഈജിപ്തിന്റെ മുഖച്ഛായ മാറ്റുമെന്നും ചരിത്രനീതിയാണെന്നും പ്രധാനമന്ത്രി മുസ്തഫാ മദ്ബൗലി പറഞ്ഞു. അതിസമ്പന്ന വിഭാഗങ്ങള്‍ കെയ്‌റോയില്‍ നിന്നും ഇതിനകം മരുഭൂമിയുടെ പ്രാന്തപ്രദേശങ്ങളിലേക്ക് താമസം മാറിക്കഴിഞ്ഞു. പേര് ഇതുവരെയും നിശ്ചയിച്ചിട്ടില്ലെങ്കിലും പണി പൂര്‍ത്തിയാവുന്നതോടെ കെയ്‌റോയില്‍ നിന്നും വലിയതോതില്‍ കൊഴിഞ്ഞുപോക്ക് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ട് കോടിയോളം ജനങ്ങളാണ് കെയ്‌റോയില്‍ താമസിക്കുന്നത്. 

എന്നാല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. മരുഭൂമിയില്‍ ആഡംബര നഗരം നിര്‍മ്മിക്കുന്നതിന് പകരം ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ കെയ്‌റോയിലെ ജനസംഖ്യ 2050 ഓടെ നാല് കോടിയിലേക്ക് എത്തുമെന്നും തലസ്ഥാന നഗരത്തിന്റെ സുരക്ഷ ഇതോടെ നഷ്ടമാവുമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. 

 കെയ്‌റോയില്‍ നിന്നും 168 കിലോമീറ്റര്‍ അകലെയാണ്  170,000 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന പുതിയ നഗരം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. കെയ്‌റോയുടെ ഇരട്ടിയോളം വലിപ്പമുള്ള നഗരത്തിലേക്ക് അടുത്ത വര്‍ഷത്തോടെ 65 ലക്ഷം ആളുകള്‍ താമസത്തിനായെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പ്രസിഡന്റിന്റെ വസതിക്ക് പുറമേ, മന്ത്രിമാരുടെ വസതികളും പാര്‍ലമെന്റും മന്ത്രാലയങ്ങളും ഇവിടെ നിര്‍മ്മിക്കും. 126 കിലോ മീറ്റര്‍ സ്ഥലത്ത് പൊതുജനങ്ങള്‍ക്കായി പാര്‍ക്കും, വിമാനത്താവളവും സ്‌റ്റേഡിയവും ഓപറ ഹൗസും നിര്‍മ്മിക്കാനും  പദ്ധതിയുണ്ട്. പുതിയ നഗരം  എല്ലാ ഈജിപ്ത് പൗരന്‍മാര്‍ക്കുമുള്ളതാണെന്നാണ് ഈൗജിപ്ത് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ പുതിയ നഗരത്തില്‍ ഏറ്റവും ചെറിയ അപാര്‍ട്ട്‌മെന്റ് സ്വന്തമാക്കുന്നതിന് മധ്യവര്‍ഗത്തിലുള്ള സര്‍ക്കാര്‍ ജീവനക്കാരന് പോലും സാധിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഏഴാം നൂറ്റാണ്ട് മുതല്‍ കെയ്‌റോയാണ് ഈജിപ്തിന്റെ തലസ്ഥാനം. അതുകൊണ്ട് തന്നെ പുതിയ തലസ്ഥാനമാറ്റം എങ്ങനെയാവും കെയ്‌റോയെ ബാധിക്കുക എന്നതിനെ കുറിച്ച് ഇപ്പോള്‍ പ്രവചിക്കാനാവില്ലെന്നാണ് സാമൂഹ്യ- സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്. തലസ്ഥാനം മാറുന്നതോടെ കെയ്‌റോ കൂടുതല്‍ അവഗണനയിലേക്കും ആളുകള്‍ നഗരത്തില്‍ നിന്നും ഒഴിഞ്ഞ് പോകാനും തുടങ്ങുമെന്നാണ് ചിലര്‍ പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com