പാകിസ്ഥാന് വീണ്ടും അമേരിക്കയുടെ ഇരുട്ടടി; 166 കോടി ഡോളറിന്റെ സുരക്ഷാ സഹായം നിര്‍ത്തിവെച്ചു

പാകിസ്ഥാന് അനുവദിച്ച  166 കോടി ഡോളറിന്റെ സുരക്ഷാ സഹായം അമേരിക്ക താത്കാലികമായി നിര്‍ത്തിവെച്ചതായി പെന്റഗണ്‍ അറിയിച്ചു
പാകിസ്ഥാന് വീണ്ടും അമേരിക്കയുടെ ഇരുട്ടടി; 166 കോടി ഡോളറിന്റെ സുരക്ഷാ സഹായം നിര്‍ത്തിവെച്ചു

ന്യൂയോര്‍ക്ക്: പാകിസ്ഥാന് വീണ്ടും അമേരിക്കയുടെ തിരിച്ചടി. പാകിസ്ഥാന് അനുവദിച്ച  166 കോടി ഡോളറിന്റെ സുരക്ഷാ സഹായം അമേരിക്ക താത്കാലികമായി നിര്‍ത്തിവെച്ചതായി പെന്റഗണ്‍ അറിയിച്ചു. പാകിസ്ഥാന്‍ നന്ദിയില്ലാത്ത രാജ്യമായതിനാലാണ് സഹായം നിര്‍ത്തലാക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാനെതിരെയുളള നടപടികള്‍ അമേരിക്ക കടുപ്പിച്ചത്.

പാകിസ്ഥാന് അനുവദിച്ചിരുന്ന 166 കോടി ഡോളറിന്റെ സുരക്ഷാ സഹായം നിര്‍ത്തിവെച്ചതായി പ്രതിരോധ വക്താവ് റോബ് മാനിംഗ് അറിയിച്ചു. മാധ്യമപ്രവര്‍ത്തകരുടെ വിവിധ ചോദ്യങ്ങള്‍ക്ക് ഇ-മെയിലിലൂടെയായിരുന്നു റോബ് മാനിംഗിന്റെ പ്രതികരണം. പാകിസ്ഥാന് ശക്തമായ സന്ദേശമാണ് ഇതിലുടെ അമേരിക്ക നല്‍കുന്നതെന്ന് ഒബാമ ഭരണകൂടത്തില്‍ പ്രതിരോധവകുപ്പില്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി പദവി വഹിച്ചിരുന്ന ഡേവിഡ് സെഡ്‌നി പറഞ്ഞു. പാകിസ്ഥാനെതിരെയുളള നടപടികള്‍ കടുപ്പിച്ച് ജനുവരി മുതലാണ് സൈനിക സഹായം നിര്‍ത്താന്‍ അമേരിക്ക നീക്കം ആരംഭിച്ചത്. 
 
തുടര്‍ച്ചയായി അമേരിക്ക നല്‍കിയ മുന്നറിയിപ്പുകള്‍ പാകിസ്ഥാന്‍ അവഗണിക്കുന്ന സ്ഥിതിയാണുളളത്. അമേരിക്കയുടെ ആശങ്ക കണക്കിലെടുത്ത് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ല. പകരം അയല്‍രാജ്യങ്ങള്‍ക്കെതിരെയുളള ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് പാകിസ്ഥാന്‍ പിന്തുടര്‍ന്നതെന്നും സെഡ്‌നി ആരോപിച്ചു.

തീവ്രവാദം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ അമേരിക്കയുമായി സഹകരിക്കാമെന്ന് പാകിസ്ഥാന്‍ നേതാക്കള്‍ വാഗ്ദാനം നല്‍കുന്നതല്ലാതെ, പ്രായോഗിക നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് അമേരിക്ക കുറ്റപ്പെടുത്തുന്നു. ഇതില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴും താലിബാന്‍ ആശ്രയിക്കുന്നത് പാകിസ്ഥാനെയാണ്. പണവും ആയുധങ്ങളും ലഭിക്കുന്നത് അവിടെ നിന്നാണ്. താലിബാന്‍ ഭീകരര്‍ അഭയം തേടുന്നത് അവിടെയാണ് സെഡ്‌നി ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com