'ഇതൊരിക്കലും എന്റെ അവസാന കത്താവരുതേ, എനിക്ക് മരിക്കേണ്ട ദൈവമേ'; ആന്‍ഡമാനില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ജോണ്‍ എഴുതിയ കത്ത് പുറത്ത്

ഇത് അഞ്ചാം തവണയാണ് ജോണ്‍ ആന്‍ഡമാനിലെത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിരോധിത പ്രദേശമായ വടക്കന്‍സെന്റിനല്‍ ദ്വീപിലേക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് 25,000 രൂപയോളം നല്‍കിയാണ് ജോണ്‍ എത്തിയത്.
'ഇതൊരിക്കലും എന്റെ അവസാന കത്താവരുതേ, എനിക്ക് മരിക്കേണ്ട ദൈവമേ'; ആന്‍ഡമാനില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ജോണ്‍ എഴുതിയ കത്ത് പുറത്ത്

പോര്‍ട്ട് ബ്ലെയര്‍: ' ദൈവമേ എനിക്ക് മരിക്കേണ്ട' എന്നായിരുന്നു കൈയ്യിലെ വാട്ടര്‍പ്രൂഫ് ബൈബിളില്‍ ഗോത്രവര്‍ഗ്ഗക്കാരന്റെ അമ്പേറ്റ ശേഷം ബോട്ടിലേക്ക് മടങ്ങി വന്ന ജോണ്‍ എഴുതിയത്.  ' വട്ടാണെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം പക്ഷേ, ക്രിസ്തുവിനെ കുറിച്ച് ഇവരോട് പറയുന്നത് നല്ലതാണ് എന്നെനിക്ക് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. മുഖത്ത് മഞ്ഞച്ചായം തേച്ച പുരുഷന്‍മാരെ പുലര്‍ച്ചെ ദ്വീപിനടുത്തുള്ള കുടിലിന് സമീപം ബോട്ടടുത്തപ്പോഴാണ് കണ്ടത്. സമ്മാനമായി കൊണ്ട് വന്ന ഫുട്‌ബോളും മീനുകളും അവര്‍ക്ക് നല്‍കി. എനിക്കവരെ ഇഷ്ടമാണെന്നും , ക്രിസ്തു അവരെ സ്‌നേഹിക്കുന്നുവെന്നും പറഞ്ഞു. അപ്പോഴാണ് ഒരു കുട്ടി അമ്പെയ്തത്. അതെന്റെ വാട്ടര്‍പ്രൂഫ് ബൈബിള്‍ തുളച്ചു. അതോടെ ബോട്ടിലേക്ക് മടങ്ങുകയായിരുന്നു' എന്നാണ് നവംബര്‍ 16 ന് വീട്ടിലേക്ക് അയച്ച സന്ദേശത്തില്‍ ജോണ്‍ കുറിച്ചത്. 

 അടുത്ത ദിവസം വീണ്ടും ദ്വീപിലേക്കെത്തിയ ജോണിനെ പിന്നീട് കണ്ടില്ലെന്നും അടുത്ത ദിവസം ഗോത്രവര്‍ഗ്ഗക്കാര്‍ ജോണിനെ കടല്‍ത്തീരത്തേക്ക് വലിച്ചിഴച്ച് കൊണ്ട് വരുന്നതും പകുതി കുഴിച്ചിടുന്നതും കണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം ജോണിന്റെ സുഹൃത്തിനെ അറിയിച്ചത്.  ഇയാള്‍ ജോണിന്റെ വീട്ടിലറിയിക്കുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെയും സൈന്യത്തിന്റെയും സഹായത്തോടെ മൃതദേഹത്തിനായി തിരച്ചില്‍ ആരംഭിച്ചതായി പ്രതിരോധ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഹെലികോപ്ടറിന്റെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്. 

സാഹസികത മാത്രം ലക്ഷ്യമാക്കിയല്ല 26 കാരനായ മകന്‍ ദ്വീപിലേക്ക് എത്തിയിട്ടുണ്ടാവുകയെന്നാണ് അച്ഛന്‍ സ്റ്റാവെര്‍ പറയുന്നത്. വളരെ ചെറുപ്പം മുതല്‍ സെന്റിനലുകള്‍ക്കിടയിലേക്ക് മിഷണറിയായി പോകണമെന്ന് ജോണ്‍ പറയുമായിരുന്നുവെന്നും സ്റ്റാവര്‍ വെളിപ്പെടുത്തി.  മിഷണറി ദൗത്യത്തിനിടെ താന്‍ കൊല്ലപ്പെട്ടാല്‍ ദേഷ്യം തോന്നരുതെന്ന് വീട്ടുകാര്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് അയച്ച സന്ദേശത്തില്‍ ജോണ്‍ കുറിച്ചിരുന്നു. 


 ജോണിനെ ദ്വീപിലെത്തിച്ചതിന് അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ജോണിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌നേഹസമ്പന്നനായ മകനും തികഞ്ഞ ദൈവവിശ്വാസിയും ഫുട്‌ബോള്‍ കോച്ചും സാഹസിക പ്രിയനുമായിരുന്നു മകനെന്ന് മാതാപിതാക്കള്‍ ഇന്‍സ്റ്റഗ്രാമിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി. 

വാഷിങ്ടണിലെ വാന്‍കോവര്‍ സ്വദേശിയാണ് ജോണ്‍. ഇത് അഞ്ചാം തവണയാണ് ജോണ്‍ ആന്‍ഡമാനിലെത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിരോധിത പ്രദേശമായ വടക്കന്‍സെന്റിനല്‍ ദ്വീപിലേക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് 25,000 രൂപയോളം നല്‍കിയാണ് ജോണ്‍ എത്തിയത്.

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത സംരക്ഷിത വര്‍ഗ്ഗമാണ് ആന്‍ഡമാനിലെ സെന്റിനലുകള്‍. ബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് ദ്വീപിലെത്തിപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളെ 2006 ല്‍ ഇവര്‍ അമ്പെയ്ത് കൊന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com