ആദിവാസികളുടെ അമ്പേറ്റ് കൊല്ലപ്പെട്ട അമേരിക്കൻ പൗരന്റെ മൃതദേഹം കണ്ടെത്തിയില്ല; എവിടെയുമെത്താതെ പരിശ്രമങ്ങൾ

ആന്‍ഡമാന്‍ നിക്കോബാറിലെ വടക്കൻ സെന്റിനൽ ദ്വീപില്‍ വച്ച് ​ഗോത്രവർ​ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്‍ ജോണ്‍ അല്ലന്‍ ചൗയുടെ മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല
ആദിവാസികളുടെ അമ്പേറ്റ് കൊല്ലപ്പെട്ട അമേരിക്കൻ പൗരന്റെ മൃതദേഹം കണ്ടെത്തിയില്ല; എവിടെയുമെത്താതെ പരിശ്രമങ്ങൾ

പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാറിലെ വടക്കൻ സെന്റിനൽ ദ്വീപില്‍ വച്ച് ​ഗോത്രവർ​ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്‍ ജോണ്‍ അല്ലന്‍ ചൗയുടെ മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല. മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ എവിടെയുമെത്താതെ തുടരുകയാണിപ്പോഴും. 

കൊലപാതക വിവരം പുറത്തറിഞ്ഞത് മുതല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും ദ്വീപില്‍ നിരീക്ഷണം ശക്തമാക്കിയെങ്കിലും ഇതുവരെയും ദ്വീപിന് അടുത്ത് ചെല്ലാനോ തീരത്ത് പരിശോധന നടത്താനോ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സമയം വൈകും തോറും ഇനി വീണ്ടെടുക്കാന്‍ സാധിക്കാത്ത തരത്തില്‍ അമേരിക്കന്‍ പൗരന്‍റെ മൃതദേഹം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് പൊലീസ്. ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ആശയ വിനിമയം തുടരുകയാണ്. 

ഇക്കഴിഞ്ഞ നവംബര്‍ 16ന് രാത്രിയോടെയാണ് അല്ലനെ മത്സ്യത്തൊഴിലാളികള്‍ ദ്വീപിന് അടുത്ത് എത്തിച്ചത്. അവിടെ നിന്ന് കയാക്കിങ് ബോട്ടില്‍ ഒറ്റയ്ക്ക് തുഴഞ്ഞു പോയ ജോണ്‍ അല്ലന്‍റെ ശരീരം പിറ്റേന്ന് പുലര്‍ച്ചയോടെ ആദിവാസികള്‍ തീരത്തേക്ക് വലിച്ചു കൊണ്ടു വരുന്നത് കണ്ടെന്നാണ് മത്സ്യത്തൊഴിലാളികളുടെ മൊഴി. 

പോര്‍ട്ട് ബ്ലെയറില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് 25,000 രൂപ കൊടുത്താണ് അല്ലന്‍ ദ്വീപിനടുത്ത് എത്തിയത് എന്നാണ് പൊലീസ് പറയുന്നത്. പവിഴപ്പുറ്റുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ദ്വീപിലേക്ക് കപ്പലുകള്‍ക്കോ ബോട്ടുകള്‍ക്കോ അടുക്കാന്‍ സാധിക്കില്ല. പോകാവുന്ന ദൂരത്തോളം ബോട്ടില്‍ പോയ ശേഷം കയാക്കിങിന് ഉപയോഗിക്കുന്ന ഒറ്റയാള്‍ ബോട്ടില്‍ അല്ലൻ സെന്‍റിന്‍ല്‍സ് ദ്വീപില്‍ പ്രവേശിക്കുകയായിരുന്നു. നേവിയുടേയും കോസ്റ്റ് ഗാര്‍ഡിന്‍റെയും നിരന്തര പട്രോളിങ് നടക്കുന്ന സ്ഥലമായതിനാല്‍ രാത്രിയിലാണ് ഇയാള്‍ സെന്‍റിനില്‍സ് ദ്വീപില്‍ കയറിയത്.

കൈയിലുള്ള ഫുട്ബോളും കത്രികകളും മെഡിക്കല്‍ കിറ്റുമെല്ലാം ദ്വീപിലുള്ളവര്‍ക്ക് നല്‍കി അവരെ ആകര്‍ഷിക്കാന്‍ അല്ലന്‍ ശ്രമിച്ചു. എന്നാൽ തങ്ങളോട് സൗഹൃദം കാണിക്കാന്‍ ശ്രമിച്ച അല്ലന് നേരെ ഗോത്രവര്‍ഗ്ഗക്കാര്‍ അമ്പെയ്യുകയായിരുന്നു. നവംബര്‍ 16ന് വൈകിട്ടും അല്ലനെ ജീവനോടെ ദ്വീപില്‍ കണ്ടതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ നവംബര്‍ 17ന് രാവിലെ 6.30 ഓടെ ദ്വീപ് നിവാസികളില്‍ ചിലര്‍ ചേര്‍ന്ന് ഒരു മൃതശരീരം തീരത്തേക്ക് വലിച്ചു കൊണ്ടു വരുന്നതും കുഴിച്ചു മൂടാന്‍ ശ്രമിക്കുന്നതും ദ്വീപിന് അടുത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കണ്ടു. അവര്‍ ഈ വിവരം പോര്‍ട്ട് ബ്ലെയറിലുള്ള അല്ലന്‍റെ സുഹൃത്തിനെ അറിയിച്ചതോടെയാണ് ഇയാൾ കൊല്ലപ്പെട്ടെന്ന വിവരം പുറംലോകം അറിയുന്നത്. 

മരണം നടന്ന് ഒരാഴ്ച്ച പിന്നിട്ട സാഹചര്യത്തില്‍ ആദിവാസികള്‍ മൃതദേഹം ദ്വീപിനുള്ളില്‍ എവിടെയെങ്കിലും സംസ്കരിച്ചിരിക്കുമോ എന്ന ആശങ്കയാണ് പൊലീസിനുള്ളത്. അങ്ങനെയെങ്കില്‍ മൃതദേഹം വീണ്ടെടുക്കുക അസാധ്യമായിരിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അല്ലന്‍ കൊല്ലപ്പെട്ട ശേഷം അവര്‍ തീരത്ത് നിന്ന് ദ്വീപിനുള്ളിലേക്ക് പിന്‍വലിഞ്ഞിരിക്കാം. പിന്നീട് ആദ്യം ഉപേക്ഷിച്ച സ്ഥലത്ത് നിന്ന് മൃതദേഹം കുഴിച്ചെടുത്ത് അവരുടേതായ രീതിയില്‍ കൈകാര്യം ചെയ്തിരിക്കാന്‍ സാധ്യതയുണ്ടെന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസ് മേധാവി ദീപേന്ദ്ര പഥക് പറയുന്നു. 

സെന്‍റിനെല്‍സ് ദ്വീപ് നിവാസികളുമായി എങ്ങനെയും ബന്ധപ്പെടുക എന്നതാണ് അധികൃതര്‍ക്ക് മുന്നിലെ ആദ്യത്തെ വെല്ലുവിളി. ഇതിനായി നരവംശ ശാസ്ത്രജ്ഞരുടേയും ആദിവാസി ജീവിതത്തെ അടുത്തറിയുന്നവരുമായുമെല്ലാം പൊലീസ് ബന്ധപ്പെടുന്നുണ്ട്. സമാനരീതിയില്‍ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന ആദിവാസി വിഭാഗങ്ങളെക്കുറിച്ചുള്ള പഠനങ്ങളും ഒരു വഴിക്ക് നടക്കുന്നു.

ഒരു ഹെലികോപ്ടറും കപ്പലും ഉപയോഗിച്ച് ദ്വീപിന് ചുറ്റും പൊലീസ് നിരീക്ഷണം നടത്തിയെങ്കിലും അല്ലന്‍റെ മൃതദേഹമോ അദ്ദേഹം കൊല്ലപ്പെട്ട സ്ഥലമോ കണ്ടെത്താന്‍ സാധിച്ചില്ല. തിരച്ചില്ലിനായി ബുധനാഴ്ച്ച ദ്വീപിലേക്ക് പോയ ഒരു സംഘം ഇന്നലെ തിരിച്ചെത്തി. 16 പേരടങ്ങിയ മറ്റൊരു സംഘം ഇപ്പോള്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ കപ്പലില്‍ തിരച്ചിലിനായി പോയിട്ടുണ്ട്.

ഈ സംഘത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ ആദിവാസികളെ നന്നായി അറിയുന്ന നരവംശ ശാസത്രജ്ഞരും, ഗവേഷകരും, വനം വകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്. ഇതോടൊപ്പം അല്ലനെ ദ്വീപിലേക്ക് നയിച്ച ഏഴ് പേരടങ്ങിയ മത്സ്യത്തൊഴിലാളി സംഘത്തേയും തിരച്ചില്‍ സംഘത്തിനൊപ്പം പൊലീസ് അയച്ചിട്ടുണ്ട്. അല്ലന്‍റെ ശരീരം തീരത്തേക്ക് വലിച്ചു കൊണ്ടു പോകുന്നത് നേരില്‍ കണ്ട ഇവര്‍ക്ക് അല്ലന്‍ ദ്വീപിലെത്തിയ വഴിയും മറ്റു വിവരങ്ങളും കൈമാറാന്‍ സാധിക്കും എന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. 

1966ലും 1991ലും രണ്ട് ഘട്ടങ്ങളിലായി ബോട്ടിലൂടെ തീരത്തെത്തി സെന്‍റിനെല്‍ ആദിവാസികളെ അടുത്തു കണ്ട പ്രശസ്ത നരവംശ ശാസ്ത്രജ്ഞന്‍ ടിഎന്‍ പണ്ഡിറ്റ് നാളികേരം, ഇരുമ്പ് കഷ്ണങ്ങള്‍ എന്നിവ നല്‍കി ആദിവാസികളെ ആകര്‍ഷിക്കാനാണ് നിര്‍ദേശിക്കുന്നത്. ഉച്ചയ്ക്കോ വൈകിട്ടോ ചെറിയ സംഘമായി തീരത്തേക്ക് പോയി അമ്പ് എത്താത്ത ദൂരത്ത് ബോട്ടുകൾ നിർത്തുക. ആ സമയത്ത് ആദിവാസികള്‍ തീരത്ത് ഉണ്ടാകില്ല. തേങ്ങയും ഇരുന്പും നല്‍കിയാല്‍ അവര്‍ മൃതദേഹം എടുക്കാന്‍ അനുവദിക്കുമെന്നും അദ്ദേഹം പറയുന്നു.

അലന്‍റെ മൃതദേഹം വീണ്ടെടുക്കാന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ് ആന്‍ഡമാന്‍ പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതീവ ലോല മേഖലയില്‍ കഴിയുന്ന ആദിവാസികളേയും അവരുടെ ആവാസ വ്യവസ്ഥയേയും ബുദ്ധിമുട്ടിക്കാതെ ശരീരം വീണ്ടെടുക്കുക എന്നതാണ് അധികൃതര്‍ക്ക് മുന്‍പില്‍ ഇപ്പോള്‍ ഉള്ള വെല്ലുവിളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com