പാക്കിസ്ഥാനില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് ഡ്രൈവിങ് ലൈസന്‍സ്; ചരിത്രത്തില്‍ ഇടംനേടി ലൈല അലി

പാക്കിസ്ഥാനില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് ഡ്രൈവിങ് ലൈസന്‍സ്; ചരിത്രത്തില്‍ ഇടംനേടി ലൈല അലി

കഴിഞ്ഞ പത്ത് വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയാണ് ലൈല വാഹനം ഓടിച്ചിരുന്നത്

ഇസ്ലാമാബാദ്; ട്രാന്‍സ്ജന്‍ഡര്‍ യുവതിക്ക് ആദ്യമായി ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ച് പാക്കിസ്ഥാന്‍. ലൈല അലി എന്ന ട്രാന്‍സ്ജന്‍ഡര്‍ യുവതിക്കാണ് ലൈസന്‍സ് അനുവദിച്ചത്. ഇതോടെ രാജ്യത്ത് ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുന്ന ആദ്യത്തെ ട്രാന്‍സ്ജന്‍ഡര്‍ വ്യക്തിയായിരിക്കുകയാണ് ലൈല. പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ ഇടപെടലിലാണ് യുവതിക്ക് ലൈസന്‍സ് ലഭിച്ചത്. 

കഴിഞ്ഞ പത്ത് വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയാണ് ലൈല വാഹനം ഓടിച്ചിരുന്നത്. പുതിയ ലൈസന്‍സ് ലഭിച്ചതോടെ ഇനി ലൈലക്ക് ആരെയും പേടിക്കാതെ വാഹനം ഓടിക്കാം. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗം രാജ്യത്ത് അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പറയാന്‍ ഐജിയെ കണ്ടപ്പോഴാണ് ലൈസന്‍സ് ലഭിക്കാത്ത കാര്യവും അവര്‍ പറഞ്ഞത്. 

തനിക്ക് സ്വന്തമായൊരു കാര്‍ ഉണ്ടെന്നും എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയാണ് ഓടിക്കുന്നതെന്നും ഐജിയോട് വ്യക്തമാക്കുകയായിരുന്നു. താന്‍ മാത്രമല്ല രാജ്യത്തെ മിക്ക ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരും ഇതേ പ്രശ്‌നം അനുഭവിക്കുകയാണെന്നും ലൈല അറിയിച്ചു. തുടര്‍ന്ന് ട്രാഫിക് പോലീസ് ഇന്‍സ്‌പെക്ടറോട് ഇവര്‍ക്ക് ലൈസന്‍സ് നല്‍കാന്‍ വേണ്ട നടപടി കൈക്കൊള്ളാന്‍ ആവശ്യപ്പെടുകയുമായിരുന്നു. 

പൊലീസ് തങ്ങളെ നിരന്തരം വേട്ടയാടുകയാണെന്നും നിരവധി തവണ പോലീസ് കേസെടുക്കുകയും കുറ്റക്കാരിയാക്കുകയും ചെയ്തിട്ടുണ്ടെന്നും ലൈല ഐജിയോട് പറഞ്ഞു. രാജ്യത്തിന്റെ തലസ്ഥാനത്ത് പോലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ നിരവധി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമം കഴിഞ്ഞ മെയിലാണ് പാക് പാര്‍ലമെന്റ് പാസാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com