നശിപ്പിക്കപ്പെട്ടത് പത്ത് ലക്ഷം ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പത്തിലെ വനം; അപായസൂചന മുഴങ്ങുന്നു

വനഭൂമി കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കണം എന്ന നിലപാടാണ് ബ്രസീല്‍ ഭരണകൂടം സ്വീകരിക്കുന്നത്
നശിപ്പിക്കപ്പെട്ടത് പത്ത് ലക്ഷം ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പത്തിലെ വനം; അപായസൂചന മുഴങ്ങുന്നു

ഒരു വര്‍ഷത്തിനിടെ ഇല്ലാതായത് പത്ത് ലക്ഷം ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ വലിപ്പത്തിലെ വനം. ബ്രസീലില്‍ നിന്നാണ് വനനശീകരണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വരുന്നത്. 2017-18ല്‍ ബ്രസീലിലെ വന നശീകരണത്തില്‍ 14 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്നാണ് ഗ്രീന്‍പീസിന്റെ വെളിപ്പെടുത്തല്‍. 

ഈ കാലയളവില്‍ 7,900 സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന വനമാണ് നശീകരിക്കപ്പെട്ടത്. പത്ത് ലക്ഷം ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന വലിപ്പത്തില്‍ ഈ വര്‍ഷം മാത്രം കാടുകള്‍ നശിപ്പിക്കപ്പെട്ടു. എന്നാല്‍ സാഹചര്യം ഇനിയും മോശമാകും എന്ന മുന്നറിയിപ്പാണ് ഉയരുന്നത്. 

ബ്രസീല്‍ പ്രസിഡന്റ് പദത്തിലേക്കെത്തുന്ന ജയില്‍ ബൊല്‍സൊനാരോ പരിസ്ഥിതി നിയമങ്ങളില്‍ ഇളവ് വരുത്തും എന്ന് പ്രഖ്യാപിച്ചിരിക്കെ വനനശീകരണത്തിന്റെ തോത് ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വനഭൂമി കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കണം എന്ന നിലപാടാണ് ബ്രസീല്‍ ഭരണകൂടം സ്വീകരിക്കുന്നത്. 

ഭൂമിയില്‍ നിലവിലുള്ള വനത്തിന്റെ പകുതിയില്‍ അധികവും ആമസോണ്‍ വനാന്തരങ്ങളാണ്. അതില്‍ 60 ശതമാനത്തോളം വരുന്നത് ബ്രസീലിലും. വന നശീകരണത്തിനെതിരെ ബ്രസീല്‍ ഭരണകൂടം ശക്തമായ നിലപാട് എടുത്തതിനെ തുടര്‍ന്ന് 2004 മുതല്‍ 2012 വരെ വനനശീകരണത്തില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന നീക്കങ്ങള്‍ക്ക് ശക്തമായ ശിക്ഷ ഉണ്ടാവില്ലെന്ന് ബൊല്‍സോനാരോ വ്യക്തമാക്കുന്നതോടെ ആശങ്ക ഉടലെടുക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com