ഇന്ത്യോനേഷ്യ തേങ്ങുന്നു, മരണസംഖ്യ ആയിരത്തിലേക്ക് ; നൂറ് കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തി

ഇന്ത്യോനേഷ്യയില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരണസംഖ്യ ആയിരത്തിലെത്തിയേക്കാമെന്ന് ഇന്ത്യോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ
ഇന്ത്യോനേഷ്യ തേങ്ങുന്നു, മരണസംഖ്യ ആയിരത്തിലേക്ക് ; നൂറ് കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തി

ജക്കാര്‍ത്ത: ഇന്ത്യോനേഷ്യയില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരണസംഖ്യ ആയിരത്തിലെത്തിയേക്കാമെന്ന് ഇന്ത്യോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ പറഞ്ഞു. അതേസമയം 832 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 540ലേറെ പേര്‍ക്ക് പരിക്കേറ്റു. 

7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനുപിന്നാലെ 150 ഓളം തുടര്‍ചലനങ്ങളും സുനാമിയുമാണ് സുലവേസി ദ്വീപിലെ രണ്ടു പ്രദേശത്തെ ബാധിച്ചത്. ദ്വീപില്‍ മൂന്നര ലക്ഷത്തിലേറെപ്പേര്‍ താമസിക്കുന്ന പാലു നഗരത്തിലാണ് 821 പേര്‍ മരിച്ചതെന്ന് ദുരന്തനിവാരണ ഏജന്‍സി പറഞ്ഞു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ഈ നഗരം. ആയിരക്കണക്കിന് വീടുകള്‍, ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍, പള്ളികള്‍ എന്നിവ തകര്‍ന്നു. വീട് നഷ്ടപ്പെട്ടവര്‍ തുടര്‍ചലനങ്ങള്‍ ഭയന്ന് താത്കാലിക ക്യാമ്പുകളിലാണ് കഴിയുന്നത്.

ഡൊംഗ്‌ലയില്‍ 11 മരണവും സ്ഥിരീകരിച്ചു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള ഇവിടെ മൂന്നുലക്ഷത്തോളം പേര്‍ താമസിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ഇവിടെ പലസ്ഥലങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായിട്ടില്ല. 'ഡോംഗ്‌ലയിലെ നാശനഷ്ടം ഇതുവരെ വിലയിരുത്താനായിട്ടില്ല. ഇത് ഏറെ ആശങ്കയുയര്‍ത്തുന്നുണ്ട്' വൈസ് പ്രസിഡന്റ് യൂസുഫ് കല്ല പറഞ്ഞു.

റോഡുകളും നഗരത്തിലെ പ്രധാനപാലവും തകര്‍ന്നതോടെ മേഖലയില്‍ ഗതാഗതം നിലച്ചു. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഭക്ഷണവും മരുന്നുമൊന്നും എത്തിക്കാന്‍ കഴിയുന്നില്ല. വെള്ളിയാഴ്ച അടച്ച വിമാനത്താവളത്തില്‍ അവശ്യസാധനങ്ങളെത്തിക്കുന്ന വിമാനങ്ങള്‍ക്കു മാത്രം ഇറങ്ങാന്‍ അനുമതി നല്‍കി.കടല്‍ത്തീരത്ത് മണലില്‍ പൂണ്ട നിലയിലാണ് നൂറുകണക്കിന് മൃതദേഹം കണ്ടെത്തിയത്. ഒട്ടേറേപ്പേര്‍ കടലിലേക്ക് ഒഴുകിപ്പോയിട്ടുണ്ടാവാമെന്നാണ് ഭയക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യോനേഷ്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com