കശ്മീരില്‍ അമേരിക്കയെ ഇടപെടുവിക്കാനുള്ള പാക് നീക്കത്തിന് തിരിച്ചടി; അഭ്യര്‍ത്ഥന യുഎസ് തള്ളി

നിലവില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടായില്ലെങ്കില്‍ സ്ഥിതിഗതികള്‍ ഗുരുതരമായേക്കുമെന്നതിനാലാണ് മധ്യസ്ഥതയ്ക്കായി യുഎസ് സെക്രട്ടറി മൈക്ക് പോംപിയോയുമായി ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു
കശ്മീരില്‍ അമേരിക്കയെ ഇടപെടുവിക്കാനുള്ള പാക് നീക്കത്തിന് തിരിച്ചടി; അഭ്യര്‍ത്ഥന യുഎസ് തള്ളി

വാഷിങ്ടണ്‍: കശ്മീര്‍  വിഷയത്തില്‍ പരിഹാരത്തിന് അമേരിക്കയെ ഇടപെടുവിക്കാന്‍ പാകിസ്ഥാന്‍ നീക്കം. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മ്മൂദ് ഖുറേഷിയാണ് മധ്യസ്ഥത വഹിക്കണമെന്ന ആവശ്യവുമായി അമേരിക്കയെ സമീപിച്ചത്. എന്നാല്‍ മധ്യസ്ഥത വഹിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം യുഎസ് സെക്രട്ടറി മൈക്ക് പോംപിയോ തള്ളി. ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചാല്‍ മതിയെന്ന നിലപാടാണ് യുഎസ് സ്വീകരിച്ചത്. 

സമാധാനശ്രമങ്ങള്‍ക്ക് നേരെ ഇന്ത്യ മുഖംതിരിക്കുകയാണെന്നും സഹവര്‍ത്തിത്വത്തില്‍ ജീവിക്കാന്‍ താത്പര്യമില്ലെന്നും യുഎസ് പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഖുറേഷി പറഞ്ഞു. ഇന്ത്യയുമായി തുടരുന്ന പ്രശ്‌നങ്ങള്‍ പാകിസ്ഥാന്റെ വികസനത്തെയും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തെയും ബാധിക്കുന്നതിനാല്‍ സമാധാന ശ്രമങ്ങള്‍ക്ക് മൂന്നാം രാജ്യത്തിന്റെ സഹായം അഭ്യര്‍ത്ഥിക്കുന്നതെന്നാണ് ഖുറേഷി വ്യക്തമാക്കിയത്. തികച്ചും അനാരോഗ്യകരമായ സ്ഥിതിയാണ് ഇരുരാജ്യങ്ങളുടെയും ബന്ധത്തിലുള്ളത്.

പ്രശ്‌നം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പറയുന്നുണ്ടെങ്കിലും ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറാവുന്നില്ലെന്ന് ആരോപണവും ഖുറേഷി ഉന്നയിച്ചു. നിലവില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടായില്ലെങ്കില്‍ സ്ഥിതിഗതികള്‍ ഗുരുതരമായേക്കുമെന്നതിനാലാണ് മധ്യസ്ഥതയ്ക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. 

സാധാരണഗതിയില്‍ ജനജീവിതം സുഗമമാക്കണമെന്നാണ് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ആവശ്യം. ഇന്ത്യയെന്ന രാജ്യം നിലനില്‍ക്കുന്നത് പോലെ തന്നെ പാകിസ്ഥാനുമുണ്ട്. രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുമുണ്ട്. എങ്ങനെ അവ പരിഹരിക്കുമെന്നാണ് തീരുമാനിക്കേണ്ടത്. ഇന്ത്യ സമാധാന ശ്രമങ്ങളില്‍ ഒരു ചുവട് വച്ചാല്‍ രണ്ട് ചുവട് മുന്നോട്ട് വരാന്‍ പാകിസ്ഥാന്‍ സന്നദ്ധമാണെന്നായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ശേഷം പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞത്. അത് തികഞ്ഞ ആത്മാര്‍ത്ഥതയോടെ പാകിസ്ഥാന്‍ പറഞ്ഞതാണെന്നും ആരെയും പ്രീണിപ്പിച്ച് കാര്യം നേടുന്നയാളല്ല പാക് പ്രധാനമന്ത്രിയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഖുറേഷി മാധ്യമങ്ങളോട് പറഞ്ഞു.

ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പാകിസ്ഥാനിലെത്തിയിരിക്കുന്ന പുതിയ സര്‍ക്കാരിന് ചര്‍ച്ചകളോട് തുറന്ന സമീപനമാണ് ഉള്ളതെന്നും വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച റദ്ദാക്കിയ ഇന്ത്യന്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ട് ഖുറേഷി പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് മറ്റ് മാര്‍ഗങ്ങള്‍ ഇന്ത്യയുടെ കൈവശമുണ്ടെങ്കില്‍ പങ്കുവയ്ക്കണമെന്നും ചര്‍ച്ച നടത്താതെ സംഘര്‍ഷാവസ്ഥ നിലനിര്‍ത്തുന്നത് ഇരുപക്ഷത്തിനും ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് പാകിസ്ഥാന്‍ സന്നദ്ധമാണെന്നും അല്ല, നിലവിലെ അവസ്ഥ തുടരാണ് ഇന്ത്യയുടെ തീരുമാനമെങ്കില്‍ അങ്ങനെ പോകട്ടെയെന്നും യുഎസ് ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം വ്യക്തമാക്കി. 

കശ്മീര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കാമെന്ന ആവശ്യം പാകിസ്ഥാന്‍ മുന്‍പും ഉയര്‍ത്തിയിട്ടുണ്ട്.  എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ആവശ്യമില്ലെന്നും ഇന്ത്യ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com