'കശ്മീര്‍ നീണാള്‍ വാഴട്ടെ, പാകിസ്ഥാന്‍ നരകത്തില്‍ പതിക്കട്ടെ'; പാക് അധീന കശ്മീരില്‍ പാകിസ്ഥാനെതിരെ കലാപം( വീഡിയോ)

പാക് അധീന കശ്മീരിലെ പ്രമുഖ നഗരമായ മുസഫറാബാദിലും സമീപ പ്രദേശങ്ങളിലുമാണ് പാക് വിരുദ്ധ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നത്
'കശ്മീര്‍ നീണാള്‍ വാഴട്ടെ, പാകിസ്ഥാന്‍ നരകത്തില്‍ പതിക്കട്ടെ'; പാക് അധീന കശ്മീരില്‍ പാകിസ്ഥാനെതിരെ കലാപം( വീഡിയോ)

മുസഫറാബാദ്: പാക് അധീന കശ്മീരില്‍ പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യം. പാക് അധീന കശ്മീരിലെ പ്രമുഖ നഗരമായ മുസഫറാബാദിലും സമീപ പ്രദേശങ്ങളിലുമാണ് പാക് വിരുദ്ധ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നത്. മേഖലയിലെ പാകിസ്ഥാന്റെ ഭരണം അവസാനിപ്പിക്കണമെന്നതാണ് ഇവരുടെ മുഖ്യ ആവശ്യം. കൂടാതെ അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിന് എതിരെയുമാണ് പ്രതിഷേധം. ഇതിന്റെ ദൃശ്യങ്ങള്‍ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.

യൂണെറ്റഡ് കശ്മീര്‍ പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടിയും ഇതിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കശ്മീര്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷനും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 'കശ്മീര്‍ നീണാള്‍ വാഴട്ടെ, പാകിസ്ഥാന്‍ നരകത്തില്‍ പതിക്കട്ടെ' എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. 

സ്വതന്ത്ര കശ്മീര്‍ എന്നതിന്റെ മറവില്‍ മേഖലയിലെ വിഭവങ്ങള്‍ ചൂഷണം ചെയ്ത് നീലം, ഝലം എന്നി നദികളുടെ കുറുകെ ജലവൈദ്യൂത പദ്ധതികള്‍ നിര്‍മ്മിക്കാന്‍ പാകിസ്ഥാന്‍ തയ്യാറെടുക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ മുഖ്യ ആരോപണം. പരിസ്ഥിതിയെ മാത്രമല്ല, പ്രദേശവാസികളുടെ ജലലഭ്യതയെ വരെ ഇത് ബാധിക്കുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. അണക്കെട്ടുകള്‍ ഉയര്‍ന്നാല്‍ മുസഫറാബാദ് കടുത്ത ജലക്ഷാമം നേരിടും. കൂടാതെ ഡാമിന്റെ പേരില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാകും. ജനങ്ങള്‍ വീടും ഭൂമിയും വിട്ട് നാടുവിടേണ്ടി വരുമെന്ന് യൂണെറ്റഡ് കശ്മീര്‍ പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടിയുടെ മുന്‍ സെന്‍ട്രല്‍ സെക്രട്ടറി ജമീല്‍ മസൂദ് പറഞ്ഞു. 

തങ്ങളുടെ ജോലി ചൈനീസ് തൊഴിലാളികള്‍ തട്ടിയെടുക്കുമോയെന്ന ഭീതിയിലാണ് യുവാക്കള്‍. ഇതെല്ലാം ചൂണ്ടിക്കാണിച്ച് തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുകയാണ് പ്രദേവാസികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com