ശബരിമല വിധിയില്‍ പ്രതിഷേധിച്ചു ; കാനഡയില്‍ സ്ഥാനാര്‍ത്ഥിക്ക് അയോഗ്യത

ഇന്ത്യന്‍ വംശജനായ യാഷ് ശര്‍മ്മയ്ക്കാണ് പ്രതിഷേധം വിനയായത്
ശബരിമല വിധിയില്‍ പ്രതിഷേധിച്ചു ; കാനഡയില്‍ സ്ഥാനാര്‍ത്ഥിക്ക് അയോഗ്യത

ടൊറന്റോ : ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധിച്ചതിന് കാനഡ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി അയോഗ്യനായി. ഇന്ത്യന്‍ വംശജനായ യാഷ് ശര്‍മ്മയ്ക്കാണ് പ്രതിഷേധം വിനയായത്. അല്‍ബെര്‍ട്ട പാര്‍ട്ടിയാണ് യാഷ് ശര്‍മ്മയെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍വലിച്ചത്. 

കാനഡ തെരഞ്ഞെടുപ്പില്‍ എഡ്മാന്റണ്‍ എല്ലേഴ്‌സ പ്രവിശ്യയിലെ അല്‍ബര്‍ട്ടോ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു യാഷ് പാല്‍ ശര്‍മ്മ. ഇതിനിടെയാണ് ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിയെ എതിര്‍ത്ത് യാഷ് രംഗത്തുവന്നത്. 

തിങ്കളാഴ്ച ചേര്‍ന്ന അല്‍ബര്‍ട്ടോ പാര്‍ട്ടി യോഗത്തില്‍ ഏകകണ്ഠമായാണ് യാഷിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ചതെന്ന് അല്‍ബര്‍ട്ടോ പാര്‍ട്ടി നേതാവ് സ്റ്റീഫന്‍ മന്‍ഡല്‍ അറിയിച്ചു. എല്ലാവര്‍ക്കും തുല്യത, സ്വതന്ത്ര ജുഡീഷ്യറി തുടങ്ങിയവയാണ് പാര്‍ട്ടി മുന്നോട്ടുവെക്കുന്ന മുദ്രാവാക്യങ്ങള്‍.  

എന്നാല്‍ യാഷിന്റെ നടപടി പാര്‍ട്ടി മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സ്റ്റീഫന്‍ മന്‍ഡല്‍ പറഞ്ഞു. ഒരു തരത്തിലുള്ള വിവേചനവും പാര്‍ട്ടിക്ക് അനുവദിക്കാനാകില്ല. ആരോഗ്യകരമായ സമൂഹത്തിനും, ജനാധിപത്യത്തിനും എല്ലാവര്‍ക്കും സമത്വം, സ്വതന്ത്ര ജുഡീഷ്യറി എന്നിവ വേണമെന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നതെന്നും മന്‍ഡല്‍ പറഞ്ഞു. 

വിദേശത്തെ രാഷ്ട്രീയ വിഷയത്തില്‍ ഇടപെട്ടത് തെറ്റായിപ്പോയെന്ന് യാഷ് ശര്‍മ്മയും പ്രതികരിച്ചു. എന്റെ പ്രതികരണം അല്‍ബര്‍ട്ടോ പാര്‍ട്ടിയുടെ മൂല്യങ്ങള്‍ക്ക് അനുസൃതമാണോയെന്ന് ചിന്തിക്കണമായിരുന്നു. പ്രതികരണത്തില്‍ യാഷ് പാര്‍ട്ടിയോട് ക്ഷമാപണവും നടത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com