'സ്റ്റുപ്പിഡ് അഗ്ലി കൗ', വിമാനത്തില്‍ കറുത്ത വര്‍ഗക്കാരിയ്ക്ക് വംശീയാധിക്ഷേപം; വിമാനക്കമ്പനി 'ശിക്ഷിച്ചത്' ഇരയെയും (വീഡിയോ)

വിമാനത്തിലെ മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായപ്പോഴാണ് സംഭവം വാര്‍ത്തയായത്
'സ്റ്റുപ്പിഡ് അഗ്ലി കൗ', വിമാനത്തില്‍ കറുത്ത വര്‍ഗക്കാരിയ്ക്ക് വംശീയാധിക്ഷേപം; വിമാനക്കമ്പനി 'ശിക്ഷിച്ചത്' ഇരയെയും (വീഡിയോ)

ലണ്ടന്‍: വിമാനയാത്രയ്ക്കിടെ കറുത്ത വര്‍ഗക്കാരിക്ക് നേരെ വംശീയാധിക്ഷേപം. കറുത്തവര്‍ഗക്കാരിയായ പ്രായമായ സ്ത്രീയോട് അടുത്തിരുന്നയാള്‍ സീറ്റ് മാറിയിരിക്കാനും അയാള്‍ക്കൊപ്പമിരുന്ന യാത്രചെയ്യാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് ബഹളമുണ്ടാക്കുകയായിരുന്നു. വ്യാഴാഴ്ച ബാര്‍സലോണയില്‍ നിന്ന് ലണ്ടനിലേക്ക് വരികയായിരുന്ന വിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തിലെ മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായപ്പോഴാണ് സംഭവം വാര്‍ത്തയായത്.  

സ്ത്രീയോടൊപ്പം യാത്രചെയ്തിരുന്നു അവരുടെ മകള്‍ എത്തി അമ്മയോട് അങ്ങനെ സംസാരിക്കരുതെന്നും അവര്‍ വികലാംഗയാണെന്നും പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ടെന്നും പറയുന്നു. എന്നാല്‍ യാത്രക്കാരന്‍ ഇരുവരോടും കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഇയാള്‍ വളരെ മോശമായ വാക്കുകളാണ് ഇരു സ്ത്രീകള്‍ക്കും നേരെ പ്രയോഗിച്ചതെന്നും ഒടുവില്‍ വിമാന ജീവനക്കാന്‍ എത്തി സ്ത്രീയെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തിയപ്പോള്‍ തങ്ങളും അത്ഭുതപ്പെട്ടെന്ന് സഹയാത്രികര്‍ പറയുന്നു. 

അയാളോട് തന്റെ ഭാഗം ന്യായീകരിച്ച് സംസാരിക്കാന്‍ ശ്രമിച്ച സ്ത്രീയെ 'യൂ സ്റ്റുപ്പിഡ് അഗ്ലി കൗ', 'അഗ്ലി ബ്ലാക്ക് ബാസ്റ്റാര്‍ഡ്', എന്നെല്ലാം വിളിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ഇയാളെ തടയുന്നുണ്ടെങ്കിലും ആരെയും കൂസാതെ സ്ത്രീ സീറ്റ് മാറണം എന്ന നിലപാടില്‍ കയര്‍ക്കുകയായിരുന്നു. അയാളെ വിമാനത്തില്‍ നിന്ന് ഇറക്കിവിടൂ എന്നുപോലും യാത്രക്കാര്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ സ്ത്രീയെ സീറ്റുമാറ്റിയിരുത്തിക്കൊണ്ടുള്ള വിമാനക്കമ്പനിയുടെ നടപടി എല്ലാവരെയും അമ്പരപ്പിച്ചു. 

ജമൈക്കയില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറ്റം ചെയ്തവരാണ് തങ്ങളെന്നും അച്ഛന്റെ മരണവാര്‍ഷികപരിപാടികളില്‍ പങ്കെടുത്ത് മടങ്ങവെയാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നതെന്നും വിമാനയാത്രയില്‍ അധിക്ഷേപത്തിന് ഇരയായ സ്ത്രീയുടെ മകള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ അമ്മ കറുത്തതായതിനാലാണ് അയാള്‍ക്കരികില്‍ ഇരിക്കരുതെന്ന് പറഞ്ഞ് ബഹളം വച്ചതെന്നും പുറത്തുവന്ന വീഡിയോകളില്‍ ഇത് വ്യക്തമാണെന്നും അവര്‍ പറഞ്ഞു. ഇത്തരത്തില്‍ ഒരു സംഭവം നടന്നപ്പോള്‍ വേണ്ട രീതിയില്‍ ഇടപെടാതിരിക്കുകയും ഒടുവില്‍ തങ്ങള്‍ക്ക് അനുവദിച്ച സീറ്റില്‍ നിന്ന് മാറ്റിയിരുത്തുകയുമാണ് ജീവനക്കാര്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു. വിമാനക്കമ്പനിയുടെ ഈ നടപടിയെയും അവര്‍ വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com