ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത‌് സൗദി കിരീടാവകാശിയുടെ വിശ്വസ‌്തൻ

ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത‌് സൗദി കിരീടാവകാശി മുഹമ്മദ‌് ബിന്‍ സല്‍മാന്റെ അടുപ്പക്കാരനും വിശ്വസ‌്തനുമായ സൗദ‌് അല്‍ ഖതാനിയെന്ന‌് റിപ്പോര്‍ട്ട‌്
ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത‌് സൗദി കിരീടാവകാശിയുടെ വിശ്വസ‌്തൻ

റിയാദ‌്: സൗദി മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത‌് സൗദി കിരീടാവകാശി മുഹമ്മദ‌് ബിന്‍ സല്‍മാന്റെ അടുപ്പക്കാരനും വിശ്വസ‌്തനുമായ സൗദ‌് അല്‍ ഖതാനിയെന്ന‌് റിപ്പോര്‍ട്ട‌്. സല്‍മാന്‍ രാജകുമാരന്റെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത‌് ഖതാനിയാണ‌്. ഖഷോഗിയെ കൊലപ്പെടുത്താന്‍ ഇന്റര്‍നെറ്റ‌് വീഡിയോ കോളിങ്‌ ആപ്ലിക്കേഷനായ സ‌്കൈപ്പിലൂടെ ഇയാള്‍ നിര്‍ദേശം നല്‍കിയെന്നാണ‌് പുറത്തുവരുന്ന വിവരം. 

ഇസ‌്താംബുളിലെ എംബസിയിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന 15 അംഗ കൊലയാളി സംഘം ഖഷോഗിയെ തടഞ്ഞുവച്ചു. ഈ സമയം ഖതാനി സ‌്കൈപ്പിലൂടെ ഖഷോഗിയുമായി സംസാരിച്ചു. സംസാരത്തിനിടെ വാക്ക് തർക്കത്തിലേർപ്പെട്ട ഖഷോഗിയെ കൊലപ്പെടുത്താന്‍ ഖതാനി നിര്‍ദേശിച്ചെന്നാണ‌് റിപ്പോര്‍ട്ട‌്. 

നേരത്തെ സൗദി രാജകുടുംബാംഗങ്ങളായ നിരവധി പേരെ തടവിലാക്കിയതിന് പിന്നിലും ലബനീസ‌് പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലും പ്രവര്‍ത്തിച്ചത‌് ഖതാനി തന്നെയാണെന്നാണ‌് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന. 

ഖഷോഗിയുടെ കൊലപാതകത്തെ തുടര്‍ന്ന‌് ഖതാനിയടക്കം അഞ്ച‌് ഉദ്യോഗസ്ഥരെ സൗദി രാജാവ‌് പുറത്താക്കിയതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട‌് ചെയ‌്തു. അതേസമയം ഖഷോഗിയെ കസ്റ്റഡിയിലെടുത്തതിലും കൊലപ്പെടുത്തിയതിലും കിരീടാവകാശിക്ക‌് പങ്കില്ലെന്ന‌് സൗദി അധികൃതര്‍ അവകാശപ്പെടുന്നു. കൊലപാതകത്തിന‌ു പിന്നാലെ ഖതാനിയെ ഔദ്യോഗിക പദവിയില്‍നിന്ന‌് നീക്കിയതും കസ്റ്റഡിയിലെടുത്തതും ഇതിന‌് തെളിവാണെന്നാണ‌് അധികൃതരുടെ വാദം. ഖതാനി വീട്ടുതടങ്കലിലാണെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട‌്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com