പൊലീസില്‍ ചേരാനെത്തുന്ന യുവതികള്‍ക്ക് അടിവസ്ത്രമൂരി കന്യകാത്വ പരിശോധന, വിവാദം

കന്യകാത്വ പരിശോധനയില്‍ വിജയിക്കുന്നവരെ മാത്രമാണ് പൊലീസ് ഉദ്യോഗത്തില്‍ നിയമിക്കുന്നത്
പൊലീസില്‍ ചേരാനെത്തുന്ന യുവതികള്‍ക്ക് അടിവസ്ത്രമൂരി കന്യകാത്വ പരിശോധന, വിവാദം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വനിതകള്‍ക്ക് പൊലീസില്‍ ചേരണമെങ്കില്‍ പരീക്ഷയും കായിക ക്ഷമതയും മാത്രം തെളിയിച്ചാല്‍ പോരാ, കന്യകയാണെന്ന് കൂടി തെളിയിക്കണം. കന്യകാത്വ പരിശോധനയില്‍ വിജയിക്കുന്നവരെ മാത്രമാണ് പൊലീസ് ഉദ്യോഗത്തില്‍ നിയമിക്കുന്നത്. നിയമമോ ചട്ടമോ ഒന്നുമല്ലെങ്കിലും ഇന്തോനേഷ്യന്‍ സേനാ റിക്രൂട്ട്‌മെന്റില്‍ നിലനിന്നു പോരുന്ന ഒന്നാണ് കന്യകാത്വ പരിശോധന. നല്ല പെണ്‍കുട്ടികള്‍ മാത്രം പൊലീസില്‍ മതി എന്നതാണ് ഇതിന് പൊലീസ് നല്‍കുന്ന വിശദീകരണം. പരിശോധന നടത്തുന്നത് മെഡിക്കല്‍ ഓഫീസര്‍ അല്ലെന്ന് പരിശോധനയില്‍ പരാജയപ്പെട്ട യുവതി വെളിപ്പെടുത്തി. 

അഭിമുഖത്തിന് ശേഷം പരിശോധനയ്ക്കായി ഇന്‍സ്ട്രക്ടര്‍ യുവതികളെ സംഘമായി ഒരു മുറിയിലേക്ക് കൊണ്ടുവരും. തുടര്‍ന്ന് ഇവരുടെ അടിവസ്ത്രങ്ങളൂരി  ഓരോരുത്തരെയായി  പരിശോധനയ്ക്ക് വിധേയരാക്കുന്നത്. രഹസ്യഭാഗങ്ങളില്‍ വിരലിട്ടാണ് പരിശോധന നടത്തുന്നതെന്ന് ഓസ്‌ട്രേലിയന്‍ ടിവി നെറ്റ്‌വര്‍ക്ക് എബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ട നിമിഷങ്ങളെന്നാണ് കന്യകാത്വ പരിശോധനയില്‍ പരാജയപ്പെട്ട സാക്കിയ എന്ന യുവതി പരിശോധനയെ വിശേഷിപ്പിച്ചത്. ആയോധനക കല അഭ്യാസിയായതിനാല്‍ യുവതി പരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു. 

1965 മുതല്‍ പൊലീസ് റിക്രൂട്ട്‌മെന്റിന് ഈ പരിശോധന തുടര്‍ന്നുവരുന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍, 2014 ല്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന് പരാതി നല്‍കി. തുടര്‍ന്ന് ഈ സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഇന്തോനേഷ്യന്‍ പ്രസിഡന്റ് യോകോ വിഡോഡോയോട് ആവശ്യപ്പെട്ടു. വിരല്‍ കടത്തിയുള്ള പരിശോധനയ്ക്ക് ശാസ്ത്രീയ പിന്‍ബലമില്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പരിശോധന ഇപ്പോഴും തുടരുന്നതായി മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. 

ഇതിനേക്കാള്‍ കടുത്ത ലൈംഗിക ചൂഷണമാണ് സൈന്യത്തില്‍ അപേക്ഷ നല്‍കുന്ന യുവതികള്‍ നേരിടുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. സൈന്യത്തില്‍ അപേക്ഷിക്കുന്ന യുവതികളെ പരിശോധനമുറിയിലെത്തിച്ച് പ്രത്യേക വസ്ത്രം നല്‍കും. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക. പുരുഷ ഡോക്ടറാണ് കന്യകാത്വ പരിശോധന നടത്തുക. ശാരീരിക അളവുംകളും പുരുഷന്മാരാണ് എടുക്കുന്നതെന്ന് ഇവര്‍ പറയുന്നു. ഇത്തരം പ്രാകൃത നടപടികള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നിയമനിര്‍മ്മാണം നടത്തണമെന്നും മനുഷ്യാവകാശ സംഘടനകള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com