ചിലവ് ഭയന്ന് വിവാഹം വേണ്ടെന്നുവയ്ക്കുന്നവര്‍ ഒരുപാട്; ചിലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം 

ഏകദേശം 30ലക്ഷം രൂപയാണ് ഇപ്പോള്‍ വിവാഹചിലവ്
ചിലവ് ഭയന്ന് വിവാഹം വേണ്ടെന്നുവയ്ക്കുന്നവര്‍ ഒരുപാട്; ചിലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം 

ലണ്ടന്‍: വിവാഹാഘോഷങ്ങള്‍ കുറഞ്ഞ ചിലവില്‍ നടത്താനുള്ള അവസരം ഒരുക്കാന്‍ യുകെ സര്‍ക്കാര്‍. 180വര്‍ഷം പഴക്കമുള്ള നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ടാണ് ഈ മാറ്റത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നത്. തുറസ്സായ സ്ഥലങ്ങളില്‍ വിവാഹാഘോഷങ്ങള്‍ വിലക്കികൊണ്ടുള്ള നിയമത്തില്‍ മാറ്റം വരുത്താനാണ് സര്‍ക്കാരിന്റെ നീക്കം. 

1836മുതല്‍ തുടര്‍ന്നുപോരുന്ന നിലവിലെ നിയമപ്രകാരം വിവാഹാഘോഷങ്ങള്‍ തുറസ്സായ സ്ഥലങ്ങളില്‍ നടത്താന്‍ അനുവാദമില്ല. വിവാഹത്തിന്റെ ഔദ്യോഗിക ചടങ്ങുകള്‍ രജിസ്‌റ്റേര്‍ഡ് ഓഫീസുകളിലോ പ്രാദേശിക അധികൃതര്‍ അനുവാദം നല്‍കിയിട്ടുള്ള ഇടങ്ങളിലോ മാത്രമേ നടത്താന്‍ അനുവാദമൊള്ളു. ലൈസന്‍സ് ലഭിച്ചിട്ടുള്ള ഹോട്ടല്‍, പബ്, റെസ്റ്റൊറന്റ് തുടങ്ങിയ ഇടങ്ങള്‍ വിവാഹത്തിനായി പ്രത്യേകം ഒരു മുറി മാറ്റിവയ്ക്കണമെന്നാണ് നിയമം. ഇവിടെ ചടങ്ങുകള്‍ക്ക് ഒരു മണിക്കൂര്‍ മുമ്പ് ഭക്ഷണമോ ലഹരി പദാര്‍ത്ഥങ്ങളോ അനുവദനീയവുമല്ല. 

ഇതുവരെ പാലിച്ചുപോന്നിരുന്ന ഈ നിയമത്തില്‍ ഭേദഗതി വരുത്തി കടല്‍ത്തീരം, പുല്‍തകിടി, താത്കാലികമായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ എന്നിങ്ങനെ തുറസ്സായ സ്ഥലങ്ങളില്‍ ആഘോഷങ്ങള്‍ അനുവദിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച് യുകെ ചാന്‍സിലര്‍ ഫിലിപ് ഹാമോണ്ട് തിങ്കളാഴ്ച ബജറ്റ് നിര്‍ദ്ദേശം സമര്‍പ്പിക്കും. 

വിവാഹവേദി ബുക്ക് ചെയ്യാന്‍ വേണ്ടിവരുന്ന അധിക ചിലവ് ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഭീമമായ ചിലവ് താങ്ങാന്‍ കഴിയാത്തതുമൂലം നിരവധി ആളുകള്‍ വിവാഹിതരാകാന്‍ ആഗ്രഹിച്ചിട്ടും അത് വേണ്ടെന്ന് വയ്ക്കുന്നുണ്ടെന്നും നിലവിലുള്ള നിയന്ത്രണങ്ങളില്‍ അയവുവരുത്തുന്നതോടെ കൂടുതല്‍ ആളുകള്‍ക്ക് വിവാഹിതരാകാന്‍ കഴിയുമെന്നും ട്രഷറി വക്താവ് പറഞ്ഞു. ഏകദേശം 30ലക്ഷം രൂപയാണ് ഇപ്പോള്‍ വിവാഹചിലവ്. നിയമ കമ്മീഷന്റെ അവലോകനത്തിന് ശേഷം എവിടെയെല്ലാം വിവാഹം നടത്താം എന്നതില്‍ വ്യക്തത ലഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com