ഖത്തര്‍  ദ്വീപ് രാഷ്ട്രമാകുമോ? അതിര്‍ത്തിയില്‍ കനാലുണ്ടാക്കാനുള്ള പദ്ധതിയുമായി സൗദി മുന്നോട്ട്

ഖത്തര്‍  ദ്വീപ് രാഷ്ട്രമാകുമോ? അതിര്‍ത്തിയില്‍ കനാലുണ്ടാക്കാനുള്ള പദ്ധതിയുമായി സൗദി മുന്നോട്ട്

റിയാദ്: ഖത്തറുമായി തുടരുന്ന നയതന്ത്ര സംഘര്‍ഷങ്ങള്‍ക്കിടെ അതിര്‍ത്തി പ്രദേശത്ത്  കനാല്‍ നിര്‍മ്മിക്കാനുള്ള നടപടികളുമായി സൗദി ഭരണകൂടം മുന്നോട്ട് പോകുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍. സാല്‍വാ ഐലന്റ് പ്രോജക്ട് എന്നാണ് പുതിയ പദ്ധതിയുടെ പേര്. കനാല്‍ നിലവില്‍ വരികയാണെങ്കില്‍ ഖത്തര്‍ , അറേബ്യന്‍ ഉപഭൂഖണ്ഡ പ്രദേശത്ത് നിന്നും അക്ഷരാര്‍ത്ഥത്തില്‍ വേര്‍പെടും.

ഖത്തര്‍ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം തന്നെ കനാല്‍ നിര്‍മ്മാണത്തോടെ മാറിമറിഞ്ഞേക്കുമെന്ന് സൗദി ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ തന്നെയാണ്  വെളിപ്പെടുത്തിയിരിക്കുന്നത്. ചരിത്രപരമായ പദ്ധതിയാവും ഇതെന്നും കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തിപ്രദേശത്തിന് കുറുകെ 60 കിലോമീറ്റര്‍ നീളത്തില്‍ കനാല്‍ നിര്‍മ്മിക്കാന്‍ സൗദി തയ്യാറെടുക്കുന്നതായി ഏപ്രില്‍ മുതലേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 200 മീറ്റര്‍ വീതിയാകും കനാലിന് ഉണ്ടാവുക. 208 കോടി റിയാല്‍ ചിലവഴിച്ച് കനാലിന്റെ ഒരുഭാഗത്ത് ആണവ മാലിന്യം നിക്ഷേപിക്കാനുള്ള സംഭരണികളും തയ്യാറാക്കിയേക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 

രണ്ട് വര്‍ഷമായി തുടരുന്ന തര്‍ക്കങ്ങളെ തുടര്‍ന്നാണ് സൗദിഭൂപ്രദേശത്ത് നിന്നും ഖത്തറിനെ വേര്‍തിരിക്കാനുള്ള ശ്രമങ്ങള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സംഘവും ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതിര്‍ത്തിയില്‍ കനാല്‍ നിര്‍മ്മിക്കക്കാനുള്ള സൗദിയുടെ തീരുമാനവുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് ഖത്തര്‍ ഇതുവരേക്കും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ജൂണ്‍ 2017 ല്‍ ഖത്തറുമായുള്ള നയതന്ത്ര-വ്യാപാര ബന്ധം സൗദിക്ക് പുറമേ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഉപേക്ഷിച്ചിരുന്നു. ഇറാനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ പരോക്ഷമായി പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചാണ് വ്യാപാര-നയതന്ത്രബന്ധം മരവിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com