ഭീകരര്‍ക്കെതിരെ നടപടിയില്ല ; പാകിസ്ഥാനുള്ള സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി

പാകിസ്ഥാന് നല്‍കാമെന്ന് പ്രഖ്യാപിച്ചിരുന്ന 300 ദശലക്ഷം യുഎസ് ഡോളറിന്റെ സഹായമാണ് അമേരിക്ക റദ്ദാക്കിയത്
ഭീകരര്‍ക്കെതിരെ നടപടിയില്ല ; പാകിസ്ഥാനുള്ള സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി

വാഷിംഗ്ടണ്‍: ആഗോള തലത്തില്‍ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ വിമുഖത കാണിക്കുന്നതിനെ തുടര്‍ന്ന് പാകിസ്ഥാനുള്ള സൈനിക സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി. പാകിസ്ഥാന് നല്‍കാമെന്ന് പ്രഖ്യാപിച്ചിരുന്ന 300 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ  സഹായമാണ് റദ്ദാക്കിയത്. വിഘടനവാദവും ഭീകര പ്രവര്‍ത്തനവും അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ നടപടി എടുക്കുന്നതുവരെ സഹായം നല്‍കേണ്ടെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് നിര്‍ദേശം നല്‍കിയത്. 

അയല്‍ രാജ്യമായ അഫ്ഗാനിസ്ഥാന് എതിരായി, കഴിഞ്ഞ 17 വര്‍ഷമായി ഭീകര പ്രവര്‍ത്തനം നടത്തുന്ന തീവ്രവാദികള്‍ക്ക് പാകിസ്ഥാന്‍ സുരക്ഷിത താവളം ഒരുക്കുകയാണെന്നാണ് അമേരിക്കയുടെ വാദം. എന്നാല്‍ ഈ വാദം പാകിസ്ഥാന്‍ തള്ളിയിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വര്‍ഷം ആദ്യമാണ് പാകിസ്ഥാന് സഹായം പ്രഖ്യാപിച്ചത്. 

അതേസമയം സഹായം റദ്ദാക്കിയെങ്കിലും ഭാവിയില്‍ പാകിസ്ഥാന്‍ നയം മാറ്റുകയും ഭീകരര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്താല്‍ നിലപാട് മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. 2002 മുതല്‍ അമേരിക്ക 3300 കോടിയിലധികം ഡോളറിന്റെ സാമ്പത്തിക സഹായമാണ് പാകിസ്ഥാന് നല്‍കിയിട്ടുള്ളത്. ഇതില്‍ 99 കോടിയും സി.എസ്.എഫ് ഫണ്ടാണ്.

ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പാകിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയുള്ള അമേരിക്കയുടെ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com