നാഡീവിഷം ഉപയോഗിച്ച് വധ ശ്രമം; രണ്ട് പേര്‍ കുറ്റക്കാര്‍; പൂര്‍ണ ഉത്തരവാദി പുടിനെന്ന് ബ്രിട്ടന്‍

ഇംഗ്ലണ്ടിലെ മുന്‍ റഷ്യന്‍ ചാരനേയും മകളേയും വിഷം നല്‍കി വധിക്കാന്‍ ശ്രമിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രസിഡന്റ് വഌദിമിര്‍ പുടിനാണെന്ന് ബ്രിട്ടന്‍
നാഡീവിഷം ഉപയോഗിച്ച് വധ ശ്രമം; രണ്ട് പേര്‍ കുറ്റക്കാര്‍; പൂര്‍ണ ഉത്തരവാദി പുടിനെന്ന് ബ്രിട്ടന്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍ റഷ്യന്‍ ചാരനേയും മകളേയും വിഷം നല്‍കി വധിക്കാന്‍ ശ്രമിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രസിഡന്റ് വഌദിമിര്‍ പുടിനാണെന്ന് ബ്രിട്ടന്‍. സംഭവത്തില്‍ രണ്ട് റഷ്യന്‍ വംശജര്‍ കുറ്റക്കാരാണെന്നും ബ്രിട്ടന്‍ ചൂണ്ടിക്കാട്ടുന്നു. ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ബ്രിട്ടന്‍ നിലപാട് വ്യക്തമാക്കിയത്.

നൊവിചോക് നെര്‍വ് ഏജന്റിനെ വച്ച് മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപല്‍, മകള്‍ യുലിയ എന്നിവരെ വിഷം നല്‍കി വധിക്കാന്‍ ശ്രമിച്ചതിന് റഷ്യന്‍ മിലിട്ടറി ഇന്റലിജെന്റ്‌സിലെ രണ്ട് അംഗങ്ങള്‍ കുറ്റക്കാരാണെന്ന് ബ്രിട്ടന്‍ കണ്ടെത്തിയിരുന്നു. ഇരുവരേയും ഇംഗ്ലണ്ടിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ സലിസ്ബറിയിലെ വീട്ടില്‍ വച്ചാണ് വധിക്കാന്‍ ശ്രമിച്ചതെന്നും ബ്രിട്ടീഷ് അധികൃതര്‍ പറയുന്നു. ഇവര്‍ റഷ്യന്‍ ഭരണകൂടത്തിന്റെ ഉന്നതങ്ങളില്‍ നിന്ന് ലഭിക്കുന്ന ഉത്തരവുകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണെന്നും ബ്രിട്ടണ്‍ ആരോപിക്കുന്നു. നെര്‍വ് ഏജന്റ് എന്നറിയപ്പെടുന്ന നൊവിചോക്ക് നാഡീ വിഷം ഉപയോഗിച്ചാണ് വധശ്രമം നടന്നത്. അലക്‌സാണ്ടര്‍ പെട്രോവ്, റസ്ലന്‍ ബോഷിയോരോവ് എന്നിവരാണ് യഥാര്‍ഥ പാസ്‌പോര്‍ട്ടുകളില്‍ എത്തി വധശ്രമം നടത്തിയ റഷ്യന്‍ പൗരന്മാരെന്ന് ബ്രിട്ടീഷ് അധികൃതര്‍ തിരിച്ചറിഞ്ഞു. റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സ് സര്‍വീസായ ജിആര്‍യുവിലെ ഉദ്യോഗസ്ഥരാണ് ഇവരെന്ന് പ്രധാനമന്ത്രി തെരേസ മേയ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.

മിലിട്ടറി ഇന്റലിജന്റ്‌സിന്റെ നിയന്ത്രണവും അതിനായുള്ള ഫണ്ട് നല്‍കുന്നതും അതിന് നേതൃത്വം നല്‍കുന്നതും റഷ്യന്‍ പ്രസിഡന്റായ പുടിന്റെ കീഴിലുള്ള പ്രതിരോധ മന്ത്രാലമാണ്. അതിനാല്‍ വധശ്രമത്തില്‍ പുടിന് തന്നെയാണ് ഉത്തരവാദിത്വമെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ബെന്‍ വല്ലാസ് വ്യക്തമാക്കി. റഷ്യന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന ജനറല്‍ അംഗങ്ങളും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കാന്‍ നേതൃത്വം വഹിച്ചത്. സ്വന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തിയാണ് ബ്രിട്ടന്‍ ഇക്കാര്യങ്ങള്‍ കണ്ടെത്തിയതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

മാര്‍ച്ച് നാലിനാണ് സെര്‍ജി സ്‌ക്രിപാലിനും മകള്‍ യുലിയക്കും നേരേ സാലിസ്ബറിയിലെ ഒരു റെസ്‌റ്റോറന്റിനു മുന്നില്‍ വച്ച് രാസവിഷ പ്രയോഗം ഉണ്ടായത്. റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരിക്കെ ബ്രിട്ടീഷ് ചാരസംഘടനയായ എം16ന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് സെര്‍ജി സ്‌ക്രിപാലിനു നേരേയുള്ള ആരോപണം. ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്നും കൂടാതെ ബ്രിട്ടനെതിരേ നടത്തുന്ന നേരിട്ടുള്ള ആക്രമണിതെന്നും ബ്രിട്ടണ്‍ സംഭവത്തെ വിശേഷിപ്പിച്ചിരുന്നു.

വിഷയത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ട് പേര്‍ മോസ്‌കോയില്‍ നിന്ന് മാര്‍ച്ച് രണ്ടിനാണ് ലണ്ടനിലേക്ക് വിമാന മാര്‍ഗം എത്തിയതെന്നും, ഈസ്റ്റ് ലണ്ടന്‍ ഹോട്ടലില്‍ രണ്ട് രാത്രി തങ്ങിയ അവര്‍ രണ്ട് തവണ സാലിസ്ബറി സന്ദര്‍ശിച്ചതായും പൊലീസ് രേഖകള്‍ വ്യക്തമാക്കുന്നു. ആദ്യ സന്ദര്‍ശനം സ്ഥലം പരിശോധിക്കുന്നതിനായും രണ്ടാം വരവ് വധിക്കാനുമായിരുന്നു. മാര്‍ച്ച് നാലിന് കൃത്യം നടത്തി മണിക്കൂറുകള്‍ക്കകം തന്നെ ഇരുവരും മോസ്‌കോയിലേക്ക് പറന്നതായി പൊലീസ് പറയുന്നു. കൃത്യം നടന്ന ദിവസം ഇരുവരും സ്‌ക്രിപാലിന്റെ വീടിനു മുന്‍പില്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അവര്‍ താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്ന് നൊവിചോക്കിന്റെ അംശങ്ങള്‍ കണ്ടെത്തിയതായും ബ്രിട്ടീഷ് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം ബ്രിട്ടന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് നേരത്തെ റഷ്യ വ്യക്തമാക്കിയിരുന്നു. വാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് കഴിഞ്ഞ ദിവസവും റഷ്യ ആവര്‍ത്തിച്ചു.

നാഡീവിഷ പ്രയോഗം ബ്രിട്ടന്‍- റഷ്യ നയതന്ത്ര ബന്ധത്തില്‍ വലിയ വിള്ളലുകളാണ് സൃഷ്ടിച്ചത്. അതോടെ ബ്രിട്ടന്റെ സഖ്യ രാജ്യങ്ങള്‍ റഷ്യക്കെതിരേ കടുത്ത ഉപരോധവും ഏര്‍പ്പെടുത്തി. അമേരിക്കയും മറ്റു നാറ്റോ കക്ഷികളും ബ്രിട്ടനെ പിന്തുണച്ചു രംഗത്തെത്തി. ഇതോടെ ഇരു കക്ഷികളും പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തു. യുക്രൈന്‍, സിറിയ പ്രശ്‌നങ്ങള്‍ക്കു പുറമേ ഈ സംഭവം കൂടിയായപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളുമായുള്ള റഷ്യന്‍ ബന്ധം കൂടുതല്‍ വഷളാവുകയാണ് ചെയ്തത്. റഷ്യക്കെതിരായ ബ്രിട്ടന്‍ നിലപാടിനെ ലണ്ടനിലെ അമേരിക്കന്‍ അംബാസഡര്‍ വൂഡി ജോണ്‍സനും ഓസ്ട്രിയന്‍ സര്‍ക്കാരും സ്വാഗതം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com