വിസമ്മതങ്ങളെ അടിച്ചമര്‍ത്തല്‍; നാണക്കേടിന്റെ യുഎന്‍ പട്ടികയില്‍ ഇന്ത്യയും 

മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും അതിന് വേണ്ടി വാദിക്കുകയും ചെയ്യുന്ന ജനങ്ങള്‍ക്ക് നേരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്ന അപമാനകരമായ അവസ്ഥ 38 രാജ്യങ്ങളില്‍ നിലനില്‍ക്കുന്നതായി യുഎന്‍
വിസമ്മതങ്ങളെ അടിച്ചമര്‍ത്തല്‍; നാണക്കേടിന്റെ യുഎന്‍ പട്ടികയില്‍ ഇന്ത്യയും 

ജനേവ: മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെ ഉയരുന്ന ഭരണകൂട ഭീകരതയെ അപലപിച്ച് ഐക്യരാഷ്ട്രസഭ. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും അതിന് വേണ്ടി വാദിക്കുകയും ചെയ്യുന്ന ജനങ്ങള്‍ക്ക് നേരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്ന അപമാനകരമായ അവസ്ഥ 38 രാജ്യങ്ങളില്‍ നിലനില്‍ക്കുന്നതായി യുഎന്‍ അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പട്ടികയിലുണ്ട്. 

ഇരകളും മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നവരും ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളായി മാറുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറെസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യാവകാശ പോരാട്ടങ്ങളില്‍ പങ്കെടുക്കുന്നവരെ തീവ്രവാദികളായോ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി തീര്‍ക്കുന്നവരോ ഒക്കെയായി ചിത്രീകരിക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിദേശ സംഘടനകളുമായി സഹകരിക്കുന്നത് രാജ്യത്തിന്റെ യശസിനെയും സുരക്ഷയേയും ബാധിക്കുന്നുവെന്ന് കാണിച്ചാണ് ഇവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുന്നത്. യുഎന്നിനെ സമീപിക്കാനുള്ള പ്രാദേശിക സംഘടനകളുടേയും മറ്റും ശ്രമങ്ങളെ രാജ്യ സുരക്ഷ, തീവ്രവാദ ഗൂഢാലോചന തുടങ്ങിയ ന്യായീകരണങ്ങള്‍ നിരത്തി തടയുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 29 രാജ്യങ്ങളില്‍ പുതിയ കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 19 രാജ്യങ്ങളിലാകട്ടെ കേസുകള്‍ നടക്കുന്നു. 

ഇന്ത്യ, ബഹ്‌റൈന്‍, കാമറൂണ്‍, ചൈന, കൊളംബിയ, ക്യൂബ, കോംഗോ, ജിബൂട്ടി, ഈജിപ്റ്റ്, ഗ്വാട്ടിമല, ഗയാന, ഹോണ്ടുറാസ്, ഹംഗറി, ഇസ്രേയല്‍, കിര്‍ഗിസ്ഥാന്‍, മാലെദ്വീപ്, മാലി, മൊറോക്കോ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, റഷ്യ, റുവാന്‍ഡ, സൗദി അറേബ്യ, ദക്ഷിണ സുഡാന്‍, തായ്‌ലന്‍ഡ്, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, തുര്‍ക്കി, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനസ്വല എന്നീ രാജ്യങ്ങളിലാണ് പുതിയ കേസുകള്‍. 

അടുത്ത ആഴ്ച നടക്കുന്ന മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com