മലിനീകരണം ഇല്ലേയില്ല, പുറന്തള്ളുന്നത് നീരാവിയും വെള്ളവും മാത്രം;ലോകത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിൻ സർവീസിന് ജർമനിയിൽ തുടക്കം 

കൊച്ചി മെട്രോ റെയിലിന്റെ കോച്ചുകള്‍ നിര്‍മിച്ച ഫ്രഞ്ച് കമ്പനി അല്‍ സ്‌റ്റോമാണ് ഇതിന്റെയും നിര്‍മാണത്തിനു പിന്നില്‍
മലിനീകരണം ഇല്ലേയില്ല, പുറന്തള്ളുന്നത് നീരാവിയും വെള്ളവും മാത്രം;ലോകത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിൻ സർവീസിന് ജർമനിയിൽ തുടക്കം 

ബര്‍ലിന്‍: ലോകത്ത് ആദ്യമായി ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന ട്രെയിന്‍ ജര്‍മനിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഓട്ടം തുടങ്ങി.  പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി രൂപകല്‍പന ചെയ്തിരിക്കുന്നതിനാല്‍ വായു മലിനീകരണം തീരെയില്ല എന്നതാണ് ഇതിന്റെ പ്രധാന മെച്ചങ്ങളിലൊന്ന്. 

വടക്കന്‍ ജര്‍മനിയിലെ കുക്‌സ്ഹാവന്‍, ബ്രെമെര്‍ഹാവന്‍, ബ്രെമെര്‍വോര്‍ഡെ, ബുക്‌സ്റ്റിഹ്യൂഡ് എന്നിവിടങ്ങളിലൂടെ 100 കി.മീറ്റര്‍ ദൂരത്തിലാണ് ആദ്യഘട്ടത്തില്‍ ട്രെയിന്‍ സര്‍വിസ് നടത്തുന്നത്. നിലവില്‍ രണ്ട് ട്രെയിനുകളാണ് നിര്‍മിച്ചിട്ടുള്ളത്. കൊച്ചി മെട്രോ റെയിലിന്റെ കോച്ചുകള്‍ നിര്‍മിച്ച ഫ്രഞ്ച് കമ്പനി അല്‍ സ്‌റ്റോമാണ് ഇതിന്റെയും നിര്‍മാണത്തിനു പിന്നില്‍.

ഒരു ടാങ്ക് ഹൈഡ്രജന്‍ ഉപയോഗിച്ച് 1000കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ പ്രാപ്തമാണ് ട്രെയിന്‍. നീരാവിയും ജലവും മാത്രമാണ് ഇവ പുറന്തള്ളുക. വായൂ മലിനീകരണം വെല്ലുവിളിയുയര്‍ത്തുന്ന പല ജര്‍മന്‍ നഗരങ്ങള്‍ക്കും ശുഭപ്രതീക്ഷയേകുന്നതാണ് ഈ തുടക്കം. ഹൈഡ്രജന്‍ ട്രെയിനുകള്‍ക്ക് ഡീസല്‍ ട്രെയിനുകളേക്കാള്‍ വില കൂടുതലാണെങ്കിലും പ്രവര്‍ത്തനചിലവ് താരതമ്യേന കുറവാണ്.

ബ്രിട്ടന്‍, നെതര്‍ലാന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, നോര്‍വേ, ഇറ്റലി, കാനഡ തുടങ്ങിയ രാജ്യങ്ങളും ഹൈഡ്രജന്‍ ട്രെയിന്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. 2022ഓടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഓടിത്തുടങ്ങണമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ ഇതിനോടകം പറഞ്ഞുകഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com