ഭൂകമ്പം, സുനാമി; ഇന്തോനേഷ്യയില്‍ മരണ സംഖ്യ 832; ഭക്ഷണത്തിനും വെള്ളത്തിനും കടുത്ത ക്ഷാമം

ഇന്തോനേഷ്യന്‍ ദ്വീപായ സുലവേസിയില്‍ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 832 ആയി ഉയര്‍ന്നു
ഭൂകമ്പം, സുനാമി; ഇന്തോനേഷ്യയില്‍ മരണ സംഖ്യ 832; ഭക്ഷണത്തിനും വെള്ളത്തിനും കടുത്ത ക്ഷാമം

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ സുലവേസിയില്‍ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 832 ആയി ഉയര്‍ന്നു. മരണസംഖ്യ അനുദിനം ഉയരുകയാണ്. മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ആയിരക്കണക്കിന് പേരെ കാണാതായിട്ടുണ്ട്. പരുക്കേറ്റ ആയിരക്കണക്കിന് ആളുകളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞിട്ടുണ്ട്. പലരെയും ടെന്റുകളിലും തുറസായ സ്ഥലത്തുമാണ് ചികിത്സിക്കുന്നത്. ഏതാണ്ട് 17,000ത്തോളം ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ദുരന്തം ബാധിച്ച തീര പ്രദേശമായ ഡോംഗാലുമായി ഇതുവരെ ബന്ധം സ്ഥാപിക്കാന്‍ സാധിക്കാത്തത് കടുത്ത ആശങ്ക പരത്തുന്നുണ്ട്. 

രണ്ടര ലക്ഷത്തോളം ജനങ്ങളെ ഭൂകമ്പം ബാധിച്ചതായി ഇന്തോനേഷ്യന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്  ഏജന്‍സി വക്താവ് സുഡോപോ പുര്‍വോ നുഗ്രോഹോ വ്യക്തമാക്കി. ഭൂകമ്പമുണ്ടായപ്പോള്‍ പലു നഗരത്തില്‍ 71ഓളം വിദേശികള്‍ സുരക്ഷിതരാണെന്നും അവരെ ജക്കാര്‍ത്തയിലെത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

3.5 ലക്ഷമാണ് പലുവിലെ ജനസംഖ്യ. 16,700 പേരെ നേരത്തെ ഒഴിപ്പിച്ചിരുന്നു. വീടുകളടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ ഒഴുകിപ്പോയി. ഹോട്ടലുകള്‍, ഷോപ്പിങ് മാള്‍ തുടങ്ങിയവ തകര്‍ന്നു. റോഡുകളും നഗരത്തിലെ പ്രധാന പാലവും തകര്‍ന്നതോടെ ഗതാഗതം നിലച്ചു. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ മുടങ്ങിക്കിടക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം നേരിടുന്നതും ദുരിതം രൂക്ഷമാക്കിയിട്ടുണ്ട്.

ദുരന്ത മേഖലകളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിക്കാത്തത് മരണസംഖ്യ ഉയരാനിടയാക്കിയിട്ടുണ്ട്. തെക്കന്‍ പ്രവിശ്യാ തലസ്ഥാനമായ പലുവിലാണ് കൂടുതല്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. നിരത്തില്‍ മൃതദേഹങ്ങള്‍ നിരത്തിയിട്ടിരിക്കുന്ന ചിത്രങ്ങള്‍ ഹൃദയഭേദകമാണെന്നും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ദീനരോദനങ്ങള്‍ കേള്‍ക്കാമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

പലുവില്‍ വെള്ളിയാഴ്ചയുണ്ടായ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെയാണ് സുനാമിത്തിരയടിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ബീച്ച് ഫെസ്റ്റിവലിന് എത്തിയ വന്‍ ജനക്കൂട്ടം അപകടത്തില്‍ പെട്ടു. നിരവധി കെട്ടിടങ്ങളും മറ്റും തകര്‍ത്ത ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും ഒരു മണിക്കൂറിനു ശേഷം അത് പിന്‍വലിച്ചു. എന്നാല്‍ പിന്നാലെ ആഞ്ഞടിച്ച സുനാമിത്തിരകള്‍ മൂന്നു മീറ്റര്‍ വരെ ഉയര്‍ന്നു. ആദ്യം രണ്ട് മീറ്റര്‍ വരെ പൊങ്ങിയ തിരമാലകള്‍ സുനാമി ശക്തമായതോടെ മൂന്ന് മീറ്റര്‍ ഉയരത്തില്‍ വരെ ഉയര്‍ന്നു. ആദ്യ ഭൂചലനത്തിന് ശേഷമുണ്ടായ തുടര്‍ ചലനത്തിന്റെ തീവ്രതയാണ് സുനാമിയിലേക്ക് നയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com