യുസിലേക്ക് അനധികൃതമായി കുടിയേറിയതിന് അറസ്റ്റിലാകുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധന

അനധികൃത കടന്നുകയറ്റത്തിന്‍റെ പേരിൽ അമേരിക്കയിൽ ഈ വർഷം ഇതുവരെ അറസ്റ്റിലായ ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധനവ്
യുസിലേക്ക് അനധികൃതമായി കുടിയേറിയതിന് അറസ്റ്റിലാകുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധന

വാഷിങ്ടൻ: അനധികൃത കടന്നുകയറ്റത്തിന്‍റെ പേരിൽ അമേരിക്കയിൽ ഈ വർഷം ഇതുവരെ അറസ്റ്റിലായ ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധനവ്. മുൻ വർഷത്തെ അപേക്ഷിച്ച് ഇതുവരെ മൂന്നിരട്ടിയോളം പേർ അറസ്റ്റിലായതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ (സിബിപി) വ്യക്തമാക്കി. 2017ൽ 3,162 ഇന്ത്യക്കാർ അനധികൃതമായി യുഎസിൽ പ്രവേശിച്ചതിന് അറസ്റ്റിലായെങ്കിൽ ഈ വർഷം ഇതുവരെയായി 9000ത്തിലധികം പേർ പിടിയിലായിട്ടുള്ളതായാണ് ഔദ്യോഗിക കണക്കുകൾ.

ഉയർന്ന ജാതിയിൽ നിന്നു വിവാഹം കഴിച്ചതിനെ തുടർന്ന് വധ ഭീഷണി നേരിടുന്ന താഴ്ന്ന ജാതിക്കാർ മുതൽ രാഷ്ട്രീയമായി വേട്ടയാടുന്നു എന്ന് പരാതിപ്പെടുന്ന സിഖുകാർ വരെ ഇത്തരത്തിൽ യുഎസിൽ അഭയം തേടുന്ന ഇന്ത്യക്കാരിൽ ഉൾപ്പെടും. 2012–17 കാലഘട്ടത്തിൽ യുഎസിൽ അഭയം തേടിയ ഇന്ത്യക്കാരിൽ 42.2 ശതമാനം പേരുടെയും അപേക്ഷ തള്ളപ്പെട്ടിരുന്നു. 

ഓരോ വ്യക്തിക്കും 25,000 ഡോളറിനും 50,000 ഡോളറിനും ഇടയിലുള്ള തുക കള്ളക്കടത്തു സംഘങ്ങൾക്കു നൽകിയാണ് ഇവര്‍ മെക്സിക്കോ അതിർത്തി കടന്ന് എത്തുന്നതെന്ന് സിബിപി വക്താവ് സൽവദോർ സമോറ ചൂണ്ടിക്കാട്ടി. ന്യായമായ കാരണങ്ങൾ നിരത്തിയാണ് ഇവരിൽ പലരും അഭയത്തിനായി അപേക്ഷിക്കുന്നത്. എന്നാൽ കൃത്രിമ പരാതികളുമായി എത്തുന്ന സാമ്പത്തിക കുടിയേറ്റക്കാരുടെ സംഖ്യ വർധിക്കുന്നത് സത്യസന്ധമായ കേസുകൾ പോലും തള്ളിപ്പോകാൻ ഇടയാക്കിയേക്കുമെന്നും ഒരു അഭിമുഖത്തിൽ സമോറ പറയുന്നു. മെക്സികാലിയിലെ മൂന്നു മൈൽ നീളമുള്ള അതിർത്തി വഴിയാണ് ഈ വർഷം പിടിയിലായ 4000 ഇന്ത്യക്കാരും യുഎസിൽ പ്രവേശിച്ചതെന്ന് സമോറ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com