ഇന്ത്യ ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യം, താരിഫുകളുടെ രാജാവ്; വിമര്‍ശനവുമായി വീണ്ടും ട്രംപ്‌

ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍ യുഎസില്‍ വിറ്റഴിക്കാനുള്ള വിപണി തന്ത്രമാണിത്. യുഎസ് ഒരു രൂപ പോലും നികുതി ഈടാക്കുന്നുമില്ല. ഇത് ഒട്ടും ശരിയായ സമീപനം അല്ലെന്നും
ഇന്ത്യ ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യം, താരിഫുകളുടെ രാജാവ്; വിമര്‍ശനവുമായി വീണ്ടും ട്രംപ്‌

വാഷിങ്ടണ്‍: ലോകത്ത് ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനം.  താരിഫുകളുടെ രാജാവാണ് ഇന്ത്യയെന്നും ട്രംപ് തുറന്നടിച്ചു. അമേരിക്കന്‍ നിര്‍മ്മിത ഉത്പന്നങ്ങള്‍ക്ക് അമിത നികുതിയാണ് ചുമത്തുന്നതെന്നും ഇത് ശരിയായ നടപടിയല്ല. അമേരിക്കയുടെ ഹാര്‍ലി- ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യ 100 ശതമാനമാണ് നികുതി ചുമത്തുന്നതെന്നും അദ്ദേഹം  ആരോപിച്ചു.

അമേരിക്കന്‍ ബൈക്കുകള്‍ക്ക് 100 ശതമാനം നികുതി ഏര്‍പ്പെടുത്തി ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍ യുഎസില്‍ വിറ്റഴിക്കാനുള്ള വിപണി തന്ത്രമാണിത്. യുഎസ് ഒരു രൂപ പോലും നികുതി ഈടാക്കുന്നുമില്ല. ഇത് ഒട്ടും ശരിയായ സമീപനം അല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഹാര്‍ലി- ഡേവിഡ്‌സണ്‍ ബൈക്കുകളുടെ നികുതി 100 ശതമാനത്തില്‍ നിന്ന് പകുതിയാക്കി ഇന്ത്യ കുറച്ചതിനെ വൈറ്റ് ഹൗസ് നേരത്തേ സ്വാഗതം ചെയ്തിരുന്നു. അത് പോരെന്ന് ട്രംപ് അന്ന് തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. 

 മറ്റ് രാജ്യങ്ങളുമായും പ്രത്യേകിച്ചും ചൈനയുമായി നല്ല രീതിയില്‍ ഉള്ള വ്യാപാര ബന്ധമാണ് താന്‍ തുടരുന്നതെന്നും ട്രംപ് പറഞ്ഞു. യുഎസുമായുള്ള വാണിജ്യ ബന്ധം സുഗമമായി കൊണ്ട് പോകേണ്ടത് ചൈനയുടെ ഉത്തരവാദിത്വമാണ്. അമേരിക്കന്‍ തൊഴിലാളികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയെ വ്യാപാര രംഗത്ത് ചൈന അപമാനിച്ചതിന് കണക്കില്ലെന്നും, പലപ്പോഴും ബൗദ്ധിക സ്വത്തുക്കള്‍ വരെ മോഷ്ടിച്ചു കൊണ്ട് പോയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. മുമ്പ് യുഎസ് ഭരിച്ചവരാണ് അതിനെല്ലാം ഉത്തരവാദികള്‍. തന്റെ കാലത്ത് അതൊന്നും നടക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങിനെ താന്‍  രാജാവെന്നാണ് വിളിക്കുന്നത്. രാജാവല്ല, താന്‍ പ്രസിഡന്റ് ആണ് എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍, നിങ്ങള്‍ ആജീവനാന്തം പ്രസിഡന്റാണ് അതുകൊണ്ടാണ് രാജാവെന്ന് വിളിച്ചതെന്ന് താന്‍ മറുപടി നല്‍കിയെന്നും ട്രംപ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com