പാകിസ്ഥാന്റെ എഫ് 16 വിമാനം നഷ്ടപ്പെട്ടിട്ടില്ല; ഇന്ത്യയുടെ വാദം തള്ളി അമേരിക്കന്‍ മാഗസിന്‍

ബാലാകോട്ട്​ ആക്രമണത്തിന്​ പിന്നാലെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിനിടെ എഫ്​ -16 യുദ്ധവിമാനം തകർത്തുവെന്ന ഇന്ത്യയുടെ വാദത്തെ തള്ളി അമേരിക്ക
പാകിസ്ഥാന്റെ എഫ് 16 വിമാനം നഷ്ടപ്പെട്ടിട്ടില്ല; ഇന്ത്യയുടെ വാദം തള്ളി അമേരിക്കന്‍ മാഗസിന്‍


വാഷിങ്ടണ്‍: ബാലാകോട്ട് ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിനിടെ എഫ് 16 യുദ്ധവിമാനം തകര്‍ത്തുവെന്ന ഇന്ത്യയുടെ വാദത്തെ തള്ളി അമേരിക്ക. തങ്ങള്‍ പാകിസ്ഥാന് നല്‍കിയ എഫ് 16 യുദ്ധ വിമാനങ്ങളില്‍ ഒന്നു പോലും നഷ്ടമായിട്ടില്ലെന്ന് അമേരിക്കന്‍ വിദേശ നയതന്ത്ര മാഗസിന്‍ വ്യക്തമാക്കി. യുഎസ് അധികൃതര്‍ നേരിട്ട് പാകിസ്സ്ഥാനിലെത്തി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യ പാക് പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ എഫ് 16 വിമാനങ്ങള്‍ ആക്രമണം നടത്തിയെന്നും തിരിച്ചടിയില്‍ പാക് യുദ്ധ വിമാനത്തെ തകര്‍ത്തെന്നും ഇന്ത്യ അവകാശപ്പെട്ടിരുന്നു. എഫ് 16ല്‍ നിന്ന് വര്‍ഷിച്ച ആരാം മിസൈലിന്റെ അവശിഷ്ടങ്ങള്‍ ഫെബ്രുവരി 28ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ വ്യോമസേന തെളിവായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.


എന്നാല്‍ എഫ് 16 ഉപയോഗിച്ചെന്ന കാര്യം നിഷേധിച്ച് രംഗത്തെത്തിയ പാകിസ്ഥാന്‍, തങ്ങളുടെ യുദ്ധ വിമാനത്തെ ഇന്ത്യ തകര്‍ത്തിട്ടില്ലെന്നും വാദിച്ചു. ഭീകരവാദത്തെ തുരത്തുന്നതിനാണ് പാകിസ്ഥാന്‍ യുഎസ് യുദ്ധ വിമാനങ്ങള്‍ കൈമാറിയത്. ഭീകരവാദികള്‍ക്കെതിരായല്ലാതെ ഉപയോഗിക്കരുതെന്ന കരാറോടു കൂടിയായിരുന്നു യുദ്ധവിമാനങ്ങളുടെ കൈമാറ്റം. പാകിസ്ഥാന്‍ ഈ കരാര്‍ തെറ്റിച്ചുവെന്ന് ആരോപിച്ച ഇന്ത്യ എഫ് 16 നെ തകര്‍ത്തുവെന്നും അറിയിച്ചിരുന്നു.

ആരോപണം ശക്തമായതോടെ എഫ്16 ഉപയോഗിച്ചിട്ടില്ലെന്ന് തെളിയിക്കാനായി യുഎസ് അധികൃതരെ പാകിസ്ഥാന്‍ ക്ഷണിച്ചു വരുത്തി. യുഎസ് അധികൃതരുടെ കണക്കെടുപ്പില്‍ എല്ലാ വിമാനങ്ങളും കണ്ടെത്തിയിട്ടുണ്ട്. അത് ഇന്ത്യയുടെ അവകാശവാദത്തെ പൊളിക്കുന്നതാണെന്നും മാഗസിന്‍ റിപ്പോര്‍ട്ടില്‍ ചെയ്യുന്നു. അതേസമയം, യുഎസ് പ്രതിരോധ മന്ത്രാലയം എഫ്16ന്റെ കണക്ക് എടുത്തതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com