രണ്ടര ലക്ഷം കോടി രൂപ കൈമാറി വിവാ​ഹ മോചനം; ആമസോൺ ഉടമയും ഭാര്യയും വേർപിരിഞ്ഞു 

ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് ഓൺലൈൻ റീട്ടെയ്ൽ ഭീമൻ ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസും ഭാര്യയും തമ്മിലുള്ള വിവാഹ മോചനത്തിന് ധാരണയായത്
രണ്ടര ലക്ഷം കോടി രൂപ കൈമാറി വിവാ​ഹ മോചനം; ആമസോൺ ഉടമയും ഭാര്യയും വേർപിരിഞ്ഞു 

ന്യൂയോർക്ക്: ചരിത്രമെഴുതി ലോകത്തിലെ ഏറ്റവും സമ്പന്നനും അമസോൺ ഉടമയുമായ ജെഫ് ബെസോസും ഭാര്യ മക്‌കെൻസിയും തമ്മിലുള്ള വിവാഹ മോചനം. ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് ഓൺലൈൻ റീട്ടെയ്ൽ ഭീമൻ ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസും ഭാര്യയും തമ്മിലുള്ള വിവാഹ മോചനത്തിന് ധാരണയായത്. ഇരുവരുടേയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ഏകദേശം 2.42 ലക്ഷം കോടിയുടെ മൂല്യമുള്ള ഓഹരികൾ ബെസോസ് ഭാര്യയ്ക്ക് നൽകണമെന്നാണ് ധാരണ. 

ആമസോണിന്റെ 16.3 ശതമാനം ഓഹരികളായിരുന്നു ബെസോസിന്റെ പക്കലുണ്ടായിരുന്നത്. ഇതിൽ നാല് ശതമാനം ഓഹരികളാണ്  മക്‌കെൻസിക്ക് കൈമാറുക. ഇരുവരുടേയും ഉടമസ്ഥതയിലുള്ള യുഎസ് മാധ്യമമായ വാഷിങ്ടൻ പോസ്റ്റ്, ബഹിരാകാശ പരീക്ഷണ സ്ഥാപനമായ ബ്ലൂ ഓറിജിൻ എന്നിവയിൽ തനിക്കുള്ള മുഴുവൻ ഓഹരികളും ബെസോസിനും വിട്ടുനൽകുമെന്ന്  മക്‌കെൻസിയും വ്യക്തമാക്കി. 

വിവാ​ഹ മോചനത്തോടെ  മക്‌കെൻസി ലോകത്തിലെ ഏറ്റവും സമ്പന്നയായ മൂന്നാമത്തെ വനിതയാകും. ആമസോണിന്റെ 12 ശതമാനം ഓഹരികളും കൈയാളുന്ന ബെസോസ് ലോകത്തിലെ അതി സമ്പന്നനായി തുടരും. 89,00 കോടി ഡോളറിന്റെ ആസ്തിയാണ് ആമസോണിനുള്ളത്. 

വിവാഹ മോചന ധാരണയിലെത്തിയ കാര്യം ഇരുവരും ട്വിറ്ററിലൂടെയാണ് ലോകത്തെ അറിയിച്ചത്. 1993ലാണ് ബെസോസും എഴുത്തുകാരിയായ  മക്‌കെൻസിയും വിവാഹിതരായത്. ഇവർക്ക് നാല് മക്കളുണ്ട്. 1994ൽ ഇരുവരും ചേർന്ന് യുഎസിലെ സിയാറ്റായിൽ ആമസോൺ സ്ഥാപിച്ചു. ഈ വർഷം ജനുവരിയിലാണ് ഇരുവരും പിരിയുന്നതായി പ്രഖ്യാപിച്ചത്. ബെസോസിന് ടെലിവിഷൻ അവതാരകയും മോഡലുമായ ലോറെൻ സാഞ്ചസുമായുള്ള ബന്ധമാണ്  മക്‌കെൻസിയുമായുള്ള വിവാഹ മോചനത്തിലെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com